ന്യൂഡല്‍ഹി: രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേത്രിയായ സഞ്ജിത ചാനുവിനെ തേടി അര്‍ജുന അവാര്‍ഡെത്തുന്നു. ഉത്തേജക മരുന്ന് വിവാദത്തിന്റെ കളങ്കങ്ങളില്‍ നിന്ന് മുക്തയായതിനെ തുടര്‍ന്നാണ് താരത്തെ തേടി പുരസ്‌കാരം എത്തുന്നത്. വിവാദം കാരണം 2018 മുതല്‍ പുരസ്‌കാരം തടഞ്ഞ് വെച്ചിരിക്കുകയാണ്. 2018-ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രാകാരം സഞ്ജിതക്ക് അര്‍ജുന പുരസ്‌കാരം സമ്മാനിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.
സഞ്ജിതക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നീങ്ങിയതോടെയാണ് മന്ത്രാലയത്തിന്റെ തീരുമാനം. 2017-ല്‍ അര്‍ജുന പുരസ്‌കാരത്തിന് പരിഗണിക്കാതെ വന്നതോടെ താരം കോടതിയെ സമീപിച്ചു. കേസ് നടക്കുന്നതിനിടെ 2018 മെയ് മാസം അവര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപെട്ടു. തുടര്‍ന്ന് ഉത്തേജക മരുന്ന് വിഷയത്തില്‍ അപ്പീലുമായി മുന്നോട്ട് പോയ സഞ്ജിതയെ പുരസ്‌കാരത്തിനായി പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. അപ്പീലില്‍ വിധി വന്ന ശേഷം അന്തിമ തീരുമാനം എടുക്കാനും കോടതി വിധിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പുരസ്‌കാരം ലഭിക്കുന്നത്.
ഇന്റര്‍നാഷണല്‍ വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ സഞ്ജിതക്ക് മേലുള്ള കുറ്റങ്ങള്‍ ഈ വര്‍ഷം മെയില്‍ ഒഴിവാക്കി. ഫെഡറേഷന്റെ നടപടി നിരുത്തരവാദ പരമാണെന്നും നഷ്ടപരിഹാരം വേണമെന്നും സഞ്ജിത ഇതിനകം ആവശ്യപെട്ടു കഴിഞ്ഞു. 2014-ലെയും 2018-ലെയും കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സഞ്ജിത യഥാക്രമം 48 കിലോ 53 കിലോ വിഭാഗങ്ങളില്‍ സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കിയിരുന്നു.