പഞ്ച്കുല/ഹരിയാന: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജമ്മു കശ്‌മീരിന് വേണ്ടി സൈക്ലിങിൽ ആദ്യ സ്വർണം നേടി ചരിത്രം സൃഷ്‌ടിച്ച് ആദിൽ അൽത്താഫ്. ആൺകുട്ടികളുടെ 70 കിലോമീറ്റർ റോഡ് റൈസിലാണ് 18 വയസുകാരനായ ആദിൽ സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം 28 കിലോമീറ്റർ വ്യക്തിഗത ടൈം ട്രയലിലും ആദിൽ വെള്ളി നേടിയിരുന്നു.
ശ്രീനഗറിലെ ഒരു സാധാരണ തയ്യൽ തൊഴിലാളിയുടെ മകനായ ആദിൽ കഷ്‌ടതകളിൽ നിന്നാണ് സ്വർണ നേട്ടത്തിലെത്തിയത്. 15-ാം വയസിൽ കശ്‌മീർ ഹാർവാർഡിലെ തന്‍റെ സ്‌കൂളിൽ സംഘടിപ്പിച്ച സൈക്ലിങ് മത്സരത്തിലാണ് ആദിൽ ആദ്യമായി മത്സരിച്ചത്. പിന്നാലെ കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയതോടെ ആദിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
പ്രാദേശിക മത്സരങ്ങളിൽ വിജയിക്കാൻ തുടങ്ങിയതോടെ ശ്രീനഗറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആദിലിന് 4.5 ലക്ഷം രൂപ വിലവരുന്ന എംടിബി സൈക്കിൾ സ്‌പോണ്‍സർ ചെയ്‌തു. കഴിഞ്ഞ ആറ് മാസമായി അൽതാഫ് ഖേലോ ഇന്ത്യ ഗെയിംസിനായുള്ള തയ്യാറെടുപ്പുകൾക്കായി എൻഐഎസ് പട്യാലയിൽ പരിശീലനത്തിലായിരുന്നു.