സ്‌പാനിഷ് സൂപ്പർ ക്ലബായ റയല്‍ മാഡ്രിഡിന്‍റെ മാനേജർ സ്ഥാനം രാജിവെച്ച് സിനദിൻ സിദാൻ. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ തോല്‍വിയും ലാലിഗ കിരീടം നഷ്ടമായതുമാണ് മാനേജർ സ്ഥാനം രാജിവെയ്ക്കാനുള്ള കാരണമായി സ്‌പാനിഷ് മാധ്യമങ്ങൾ പറയുന്നത്.
കളിമറന്ന ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം
ലാലിഗ കിരീടം സ്വന്തമാക്കാനായില്ലെങ്കില്‍ സിദാൻ റയല്‍ വിടുമെന്ന തരത്തില്‍ ഈ മാസം ആദ്യം തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതോടൊപ്പം സിദാൻ തുടരുന്നതില്‍ റയല്‍ ക്ലബ് പ്രസിഡന്‍റ് ഫ്ളോറന്‍റീനോ പെരസിനുള്ള നീരസവും പുറത്തേക്കുള്ള വഴി തുറക്കാൻ കാരണമായി. 2016 മുതല്‍ റയലിന്‍റെ മാനേജരായും മുഖ്യ പരിശീലകനായും തിളങ്ങിയ സിദാൻ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ക്ലബിനായി നേടിയിട്ടുണ്ട്. ഇടയ്ക്ക് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും പിന്നീട് റയലില്‍ തിരിച്ചെത്തി. ഇത്തവണ കിരീടങ്ങളില്ലാതെ നില പരുങ്ങലിലായ റയല്‍ മാനേജ്‌മെന്‍റ് സിദാന് പകരം മറ്റൊരു പരിശീലകനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച താരവും ലോകകപ്പ് ജേതാവുമായ സിദാനും റയല്‍ താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളും ടീമിന് തലവേദനയായിരുന്നു. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച ഗരെത് ബെയിലിന് കളിക്കാൻ അവസരം നല്‍കാതെ നിരവധി സീസണുകൾ പുറത്തിരുത്തിയ ശേഷം ടീം വിടാൻ അനുവദിച്ചതും ബ്രസീല്‍ താരം മാഴ്‌സലോയുമായി അടുത്തിടയുണ്ടായ തർക്കങ്ങളും റയലിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പക്ഷേ സിദാന്‍റെ ടീമിലെ സ്ഥിരാംഗമായ കരിം ബെൻസെമ അടക്കമുള്ള താരങ്ങൾ സിദാൻ ക്ലബ് വിടുന്നതില്‍ വിഷമം പ്രകടിപ്പിച്ച് രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്.
റൗൾ വരുമെന്ന് പ്രതീക്ഷ
റയല്‍ മാഡ്രിഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ റൗൾ ഗോൺസാല്‍വസിനെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് റയല്‍ മാനേജ്‌മെന്‍റിന് താല്‍പര്യം. ഇത് സംബന്ധിച്ച അനൗദ്യോഗിക സ്ഥിരീകരണം ക്ലബിന്‍റെ ഭാഗത്ത് നിന്നുണ്ടായെന്ന് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ ക്ലബ് പ്രസിഡന്‍റ് പെരസിന് മുൻ യുവന്‍റസ് പരിശീലകൻ മാക്‌സ് അല്ലെഗ്രിയെ റയല്‍ പരിശീലകനാക്കാനാണ് താല്‍പര്യം. ഇന്‍റർ മിലാൻ പരിശീലകനായിരുന്ന അന്‍റോണിയോ കോന്‍റെയുടെ പേരും റയല്‍ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.
ലക്ഷ്യം യുവന്‍റസ്
റയല്‍ മാഡ്രിഡ് വിട്ടാല്‍ സിനദിൻ സിദാൻ ഇറ്റലിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിന്‍റെ പരിശീലകനാകാൻ സിദാനും താല്‍പര്യമുണ്ട്. നിലവിലെ പരിശീലകനായ ആന്ദ്രെ പിർലോയ്ക്ക് കീഴില്‍ ഇത്തവണ സിരി എ കിരീടം നഷ്ടമായത് യുവന്‍റസിന് വലിയ സാമ്പത്തിക നഷ്ടം അടക്കം ഉണ്ടാക്കിയിരുന്നു. അവസാന നിമിഷം ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയതും പിർലോയുടെ സ്ഥാനമാറ്റത്തിന് കാരണമാകും. സിദാൻ യുവന്‍റസിലെത്തിയാല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയും സിദാനും വീണ്ടും ഒന്നിക്കാനുള്ള സാഹചര്യമുണ്ടാകും. ആരാധകർക്ക് അത് വലിയ സന്തോഷ വാർത്തയായിരിക്കും. അതോടൊപ്പം ഫ്രഞ്ച് ദേശീയ ടീം പരിശീലകനായും സിദാന്‍റെ പേര് പരിഗണിക്കുന്നുണ്ട്.