വെംബ്ലി: ഫുട്‌ബോള്‍ ലോകകപ്പിനുള്ള യൂറോപ്യൻ ക്വാളിഫയറിൽ അൽബേനിയക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇംഗ്ലണ്ട് അൽബേനിയയെ തകര്‍ത്ത് വിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്‌ന് (18, 33, 45+1) ഹാട്രിക് നേടിയ മത്സരത്തില്‍ ഹാരി മഗ്വെയറും (9 മിനുട്ട്) ജോർദാൻ ഹെൻഡേഴ്‌സണുമാണ് (28 മിനുട്ട്) ഇംഗ്ലണ്ടിന്‍റെ പട്ടികയിലെ മറ്റ് ഗോളുകള്‍ കണ്ടെത്തിയത്.
വിജയത്തോടെ ഗ്രൂപ്പ് ഐയിൽ നിന്നും ഇംഗ്ലണ്ട് യോഗ്യതയ്‌ക്ക് ഒരു പടികൂടെ അടുത്തു. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയമുള്ള ടീമിന് 23 പോയിന്‍റുണ്ട്. ഇനി ഒരു പോയിന്‍റ് കൂടി നേടിയാൽ കെയ്‌നും സംഘത്തിനും യോഗ്യത ഉറപ്പിക്കാം.
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ സ്വിറ്റ്സർലൻഡ് സമനിലയില്‍ തളച്ചു. ഇരു സംഘവും ഓരോ ഗോളുകളാണ് നേടിയത്. സിൽവാൻ വിഡ്മർ (11ാം മിനുട്ട്) സ്വിറ്റ്സർലൻഡിനായും ജിയോവാന്നി ഡി ലോറെൻസോ (36ാം മിനുട്ട്) ഇറ്റലിക്കായും ഗോളുകള്‍ കണ്ടെത്തി. ഏഴ് മത്സരങ്ങളില്‍ നാല് വീതം വിജയമുള്ള ഇരുസംഘത്തിനും 15 പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ ഗോൾ ശരാശരിയിൽ ഇറ്റലിയാണ് ഒന്നാമത്.
also read: യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റഡുകാനുവിന് പുതിയ പരിശീലകന്‍
മറ്റ് മത്സരങ്ങളിൽ പോളണ്ട് അൻഡോറയെയും (4-1), ഡെൻമാർക്ക് ഫറോ ദ്വീപിനെയും (3-1) തോൽപ്പിച്ചു. ഒമ്പത് മത്സരങ്ങളില്‍ 27 പോയിന്‍റുള്ള ഡെൻമാർക്ക് നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.