ലണ്ടന്‍: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന്‍റെ പശ്ചാത്തലത്തില്‍ ലിവര്‍പൂളില്‍ നിന്നും മാറി നില്‍ക്കില്ലെന്ന് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ്. ക്ലബിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്ലോപ്പ് രാജിവെച്ചേക്കുമെന്ന തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ അത് കരുതുന്നില്ല, എനിക്ക് അങ്ങനെ തോന്നുന്നില്ല. ഫുട്ബോളില്‍ ഞാൻ 20 വർഷമായുണ്ട്. ഒരുപാട് തവണ ഉടമകൾ എന്നോട് ചോദിക്കാതെയാണ് തീരുമാനങ്ങൾ എടുത്തത്. എന്നാല്‍ ഞാൻ അവയെ കൈകാര്യം ചെയ്തു. ഈ കാര്യങ്ങളിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് അവ മനസ്സിലാകുന്നില്ല. ഞാൻ ഒരു ഫുട്ബോളറാണ്. ഒരു ഫുട്ബോൾ പരിശീലകനായും മാനേജരായും ഞാൻ ഇവിടെയുണ്ട്. അതുചെയ്യാന്‍ എന്നെ അനുവദിക്കുന്നിടത്തോളം ഞാൻ അത് ചെയ്യും' ക്ലോപ് പറഞ്ഞു.
'കഴിഞ്ഞ ആറുവർഷമായി ക്ലബിലും അതിന്‍റെ പരിസരത്തുമായും ഞാനുണ്ട്. ഞങ്ങളുടെ ഉടമകളെ എനിക്കറിയാം, അവർ ഉത്തരവാദിത്വമുള്ള ആളുകളാണ്. അവർ ഞങ്ങളെ ശ്രദ്ധിക്കുന്നു. എന്നാൽ അവർ ഒരിക്കലും ഇത്തരം തീരുമാനങ്ങൾ എന്നോട് വിശദീകരിക്കുകയോ എന്നോട് അനുവാദം ചോദിക്കുകയോ ഉണ്ടായിരുന്നില്ല. അതാണ് സ്ഥിതി. ഞാൻ അവരോട് ഒരുപാട് സംസാരിച്ചിരുന്നു, പക്ഷേ ഈ പ്രക്രിയയിൽ ഞാൻ ഒട്ടും ഉൾപ്പെട്ടിരുന്നില്ല'. ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.
read more: പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഒരുങ്ങുന്നു; സ്ഥിരീകരണവുമായി 12 ക്ലബുകള്‍
കഴിഞ്ഞ ദിവസമാണ് 12 ക്ലബുകള്‍ ചേര്‍ന്ന് പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമുണ്ടായത്. എസി മിലാൻ, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെൽസി, ബാഴ്‌സലോണ, ഇന്‍റര്‍മിലാൻ, യുവന്‍റസ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ടോട്ടൻഹാം, ഹോട്‌സ്പർ തുടങ്ങിയ ക്ലബുകള്‍ ചേര്‍ന്നാണ് പുതിയ ലീഗ് ആരംഭിക്കുന്നത്.
ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ നേരത്തെ തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ക്ലബുകള്‍ വിവരം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ ലീഗിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവനയും ക്ലബുകള്‍ ഇറക്കിയിട്ടുണ്ട്. യുവേഫ, ഫിഫ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ക്ലബുകള്‍ അറിയിക്കുന്നത്.
എന്നാല്‍ ക്ലബുകളുടെ നീക്കത്തെ വളരെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാനാണ് യുവേഫയുടെ തീരുമാനം. പുതിയ സൂപ്പര്‍ ലീഗ് രൂപീകരിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ നിയമങ്ങള്‍ക്ക് എതിരാണെന്നും നീക്കത്തില്‍ നിന്നും മാറിനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് തയ്യാറായില്ലെങ്കില്‍ പങ്കെടുക്കുന്ന കളിക്കാരെയും ക്ലബുകളേയും യുവേഫയുടേയും ഫിഫയുടേയും ടൂര്‍ണമെന്‍റുകളില്‍ നിന്നും വിലക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് യുവേഫ പുറത്തിറക്കിയ പ്രസ്താവയില്‍ പറയുന്നു.