ടൂറിന്‍: ഫുട്‌ബോള്‍ ലോകത്തെ അടുത്ത രാജാക്കന്‍മാര്‍ എര്‍ലിങ് ഹാളണ്ടും കിലിയന്‍ എംബാപ്പെയുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്‌ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് അഭിപ്രായം പങ്കുവെച്ചത്. ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ശേഷം ആരെന്ന ചര്‍ച്ച ചൂട് പിടിക്കുമ്പോഴാണ് റോണോയുടെ പ്രതികരണം. ഒരു ദശാബ്‌ദത്തോളം ഫുട്‌ബോള്‍ ലോകം അടക്കി ഭരിച്ച രണ്ട് ഇതിഹാസങ്ങളുടെ പിന്‍മുറക്കാരെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതിനാല്‍ ചര്‍ച്ചയും നീണ്ടു പോവുകയാണ്.
ഇതിനിടെയാണ് റോണോ പ്രതികരണവുമായി രംഗത്ത് വന്നത്. ലോക ഫുട്‌ബോളിലെ വരും കാലത്തെ മികച്ച താരമായി ഒരാളെ തെരഞ്ഞെടുക്കുക പ്രയാസമാണ്. അതിനാല്‍ തന്നെ രണ്ട് പേരുകള്‍ പങ്കുവെക്കുന്നു. നോര്‍വീജിയന്‍ ഫോര്‍വേഡ് എര്‍ലിങ് ഹാളണ്ടും ഫ്രഞ്ച് ലോകകപ്പ് ജേതാവ് കിലിയന്‍ എംബാപ്പെയും. ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുടെ ഫോര്‍വേഡാണ് എംബാപ്പെ.
![എംബാപ്പെയെ കുറിച്ച് റോണോ വാര്‍ത്ത ഹാളണ്ടിനെ കുറിച്ച് റോണോ rono about haaland news rono about mbappe news](https://etvbharatimages.akamaized.net/etvbharat/prod-images/11797045_asfasdfas.jpg)
![എംബാപ്പെയെ കുറിച്ച് റോണോ വാര്‍ത്ത ഹാളണ്ടിനെ കുറിച്ച് റോണോ rono about haaland news rono about mbappe news](https://etvbharatimages.akamaized.net/etvbharat/prod-images/11797045_asfasd.jpg)
ഹാളണ്ട് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടി ബൂട്ടുകെട്ടുന്നു. സീസണില്‍ ഹാളണ്ടിന്‍റെ കരുത്തില്‍ ഡോര്‍ട്ട്‌മുണ്ട് ജര്‍മന്‍ കപ്പ് സ്വന്തമാക്കിയിരുന്നു. ഹാളണ്ടിന്‍റെ ഇരട്ട ഗോളിന്‍റെ കരുത്തില്‍ ആര്‍ബി ലെപ്‌സിഗിനെയാണ് കലാശപ്പോരില്‍ ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജര്‍മന്‍കപ്പ് ഡോര്‍ട്ട്മുണ്ടിന്‍റെ ഷെല്‍ഫിലെത്തുന്നത്. മറുഭാഗത്ത് എംബാപ്പെയുടെ കരുത്തില്‍ ഇത്തവണ ഫ്രഞ്ച് ലീഗില്‍ കിരീടം നിലനിര്‍ത്താന്‍ പൊരുതുകയാണ് പിഎസ്‌ജി. നിര്‍ണായകമായ ഒരു മത്സരമാണ് പിഎസ്‌ജിക്ക് ഇനി ശേഷിക്കുന്നത്.
കൂടുതല്‍ വായനക്ക്: ജര്‍മന്‍ കപ്പ് സ്വന്തമാക്കി മഞ്ഞപ്പട; ഇരട്ട ഗോളുമായി സാഞ്ചോയും ഹാളണ്ടും
ഫുട്‌ബോള്‍ ലോകത്തെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുകയാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും. ഏറ്റവും കൂടുതല്‍ ഗോളടിച്ച താരങ്ങളുടെ പട്ടികയില്‍ ഇരുവരും തമ്മലാണിപ്പോള്‍ മത്സരം. രാജ്യന്തര ഫുട്‌ബോളിലും ക്ലബ് ഫുട്‌ബോളിലും പകരം വെക്കാനില്ലാത്ത താരങ്ങളായ ഇരുവരും കരിയറിന്‍റെ അവസാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. മെസി സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണയും റൊണാള്‍ഡോ യുവന്‍റസും വിടുമെന്ന സൂചനകളാണിപ്പോള്‍ പുറത്ത് വരുന്നത്. യൂറോപ്പിലെ മൂന്ന് പ്രമുഖ ലീഗുകളിലായി 100ലധികം ഗോളുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്തിടെയാണ് റോണോ യുവന്‍റസിനായി നൂറ് ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്. ഇതിന് മുമ്പ് റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടിയാണ് റോണോ നൂറ് ഗോളുകളെന്ന നേട്ടം കൊയ്‌തത്. രാജ്യാന്തര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് വേണ്ടിയും റോണോ ഗോളുകൊണ്ട് ഇതിനകം സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്.