എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ കരുത്തരായ ജപ്പാനെ കീഴടക്കി ഖത്തറിന് കിരീടം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജപ്പാനെ തോൽപ്പിച്ച് ഖത്തർ കന്നി കിരീടം സ്വന്തമാക്കിയത്.
മുൻ ചാമ്പ്യൻമാരായ ജപ്പാനെതിരെ ആദ്യ പകുതിയില്‍ തന്നെ ഖത്തർ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. 13-ാം മിനിറ്റിൽ അല്‍മോസ് അലി, 27-ാം മിനിറ്റിൽ അബ്ദുള്‍ അസീസ് എന്നിവരാണ് ഖത്തറിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ 71-ാം മിനിറ്റിൽ ഒരു ഗോളടിച്ച് ജപ്പാൻ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഖത്തറിന്‍റെ പോരാട്ട വീര്യത്തിനെതിരെ പിടിച്ചു നിൽക്കാൻ അവർക്കായില്ല. 83-ാം മിനിറ്റിൽ അക്രം അഫീഫിന്‍റെ പെനാൽറ്റി ഗോളിലൂടെ ഖത്തർ കിരീടം ഉറപ്പിച്ചു.
കളിയുടെ തുടക്കം മുതൽ ജപ്പാൻ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ മുതലാക്കിയത് ഖത്തറായിരുന്നു. ആദ്യമായി ഫൈനലിൽ കളിക്കുന്നതിന്‍റെ സംഘർഷം ഇല്ലാതെയായിരുന്നു സുൽത്താന്മാരുടെ പ്രകടനവും. ഖത്തറിന്‍റെ കിരീട നേട്ടത്തെ അട്ടിമറി വിജയം എന്ന് വിശേഷിപ്പിക്കാൻ സാധ്യമല്ലാത്ത രീതിയിലുള്ള പ്രകടനമാണ് ടൂർണമെന്‍റിൽ അവർ നടത്തിയത്.
ഒമ്പത് ഗോളോടെ ഖത്തറിന്‍റെ അൽമോസ് അലി ടൂർണമെന്‍റിന്‍റെ ടോപ് സ്കോററായി. 2022 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന് കിരീട നേട്ടം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒപ്പം ലോകകപ്പിലെ കറുത്ത കുതിരകളാകാനുള്ള സാധ്യതയുമെറെയാണ്