പാരീസ്: ലയണല്‍ മെസി എന്താലായും ബാഴ്‌സലോണ വിടാൻ തീരുമാനിച്ചു. എന്നാല്‍ പിന്നെ മെസിയെ പാരീസിലേക്ക് കൊണ്ടു പോകാമെന്നാണ് ബ്രസീല്‍ സൂപ്പർ താരം നെയ്‌മറും അർജീന്‍റീനൻ താരം എയ്‌ഞ്ചല്‍ ഡി മരിയയും പറയുന്നത്. പാരീസ് സെയ്‌ന്‍റ് ജർമൻ താരങ്ങളായ നെയ്‌മറും എയ്‌ഞ്ചല്‍ ഡി മരിയയും മെസിയുമായി സംസാരിച്ചു കഴിഞ്ഞു. അദ്ദേഹത്തെ പിഎസ്‌ജിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ബാഴ്‌സലോണയുടെ മുൻ പരിശീലകൻ പെപ് ഗാർഡിയോളയ്ക്കൊപ്പം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനാണ് മെസി താല്‍പര്യപ്പെടുന്നതെന്നാണ് സൂചന. പക്ഷേ ബാഴ്‌സയില്‍ മെസിക്കൊപ്പം തകർത്തു കളിച്ചിരുന്ന നെയ്‌മറിനും അർജന്‍റീനയില്‍ ഒപ്പം കളിച്ചിരുന്ന എയ്‌ഞ്ചല്‍ ഡി മരിയയ്ക്കും മെസിയെ പാരീസില്‍ എത്തിക്കാനാണ് ആഗ്രഹം. ആദ്യ ശ്രമമെന്ന നിലയില്‍ ഇരുവരും മെസിയുമായി ഫോണില്‍ സംസാരിച്ചു. അതിനു ശേഷം പിഎസ്‌ജി സ്പോർടിങ് ഡയറക്‌ടർ ലിയനാർഡോ മെസിയുടെ ഏജന്‍റുമായും സംസാരിച്ചെന്നാണ് ഒടുവില്‍ വരുന്ന റിപ്പോർട്ടുകൾ.
മെസി പിഎസ്‌ജിയില്‍ എത്തിയാല്‍ നെയ്‌മർ, കെലിയൻ എംബാപ്പെ, എയ്‌ഞ്ചല്‍ ഡി മരിയ എന്നിവർക്കൊപ്പം ലോക നിലവാരത്തിനുള്ള മുന്നേറ്റ നിരയാകും ഫ്രഞ്ച് ലീഗില്‍ കാണാനാകുക. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ പിഎസ്‌ജി വൻ തുക മുടക്കി മെസിയെ ടീമിലെത്തിക്കാൻ ശ്രമിക്കുമോ എന്ന കാര്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫ്രീ ട്രാൻസ്ഫർ എന്ന നിലയില്‍ ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്ന മെസി ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. പുതിയ ടീം തെരഞ്ഞെടുക്കുമ്പോൾ മെസി എന്ത് നിലപാടാകും സ്വീകരിക്കുക എന്നതിനെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
കൈമാറ്റ തുക, മെസിക്ക് സീസണില്‍ ലഭിക്കുന്ന വേതനം ഇത് സംബന്ധിച്ചെല്ലാം ധാരണ ഉണ്ടാകേണ്ടതുണ്ട്. മെസിയുടെ കൂടുമാറ്റം സംഭവിച്ചാല്‍ അത് ഫുട്‌ബോൾ ലോകത്തെ ഏറ്റവും വലിയ തുകയ്ക്കുള്ള കൈമാറ്റമാകുമെന്നുറപ്പാണ്. എന്നാല്‍ മെസി ബാഴ്‌സ വിടേണ്ട സാഹചര്യമില്ലെന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ നിലപാട്. മുപ്പത്തിമൂന്ന്കാരനായ മെസിക്ക് 2021 വരെ ബാഴ്‌സയുമായി കരാറുണ്ട്.