ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. നോർവിച്ച് സിറ്റിയെയാണ് യുണൈറ്റഡ് തോൽപ്പിച്ചത്. മത്സരത്തിന്‍റെ 75ാം മിനുട്ടില്‍ പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റാനോ ഗോള്‍ നേടിയത്.
മികച്ച സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ഡേവിഡ് ഗിയയും യുണൈറ്റഡിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ പതിനാറ് മത്സരങ്ങളില്‍ നിന്നും ഇരുപത്തിയേഴ് പോയിന്‍റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി. എട്ട് വിജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമാണ് സംഘത്തിനുള്ളത്.
അതേസമയം പോയിന്‍റ് പട്ടികയില്‍ വാലറ്റത്താണ് നോര്‍വിച്ചുള്ളത്. പതിനാറ് മത്സരങ്ങളില്‍ രണ്ട് വിജയവും നാല് സമനിലയുമുള്ള സംഘത്തിന് പത്ത് പോയിന്‍റാണുള്ളത്.
ചെല്‍സിക്ക് നാടകീയ ജയം
ലീഗിലെ മറ്റൊരു മത്സരത്തില്‍ വമ്പന്മാരായ ചെല്‍സി ലീഡ്‌സിനെതിരെ അവസാന മിനുട്ടില്‍ ജയം പിടിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെൽസി ലീഡ്‌സിനെ കീഴടക്കിയത്. 94ാം മിനുട്ടില്‍ ജോര്‍ജിഞ്ഞോയാണ് ടീമിന്‍റെ വിജയ ഗോള്‍ നേടിയത്. 58ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും താരം ലക്ഷ്യം കണ്ടിരുന്നു.
42ാം മിനിട്ടില്‍ മേസൺ മൗണ്ടാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്. റാഫീഞ്ഞ ( 28ാം മിനിട്ടില്‍ പെനാല്‍റ്റി), ജോ ജെൽഹാര്‍ട് (83ാം മിനിട്ട്) എന്നിവര്‍ ലീഡ്സിനായി ലക്ഷ്യം കണ്ടു. വിജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനം നിലനിര്‍ത്തി. 16 കളിയിൽ 11 വിജയം നേടിയ സംഘത്തിന് 36 പോയിന്‍റാണുള്ളത്. 16 പോയിന്‍റുള്ള ലീഡ്‌സ് 15ാം സ്ഥാനത്താണ്.
ലിവര്‍പൂളിനും ആഴ്‌സണലിനും ജയം
ലിവര്‍പൂള്‍ ആസ്റ്റൺ വില്ലയെ ഏകപക്ഷീയമായ ഒരു ഗോളി തോല്‍പ്പിച്ചു. 67ാം മിനിട്ടില്‍ മുഹമ്മദ് സലായാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. സീസണില്‍ സലായുടെ 21ാം ഗോള്‍ നേട്ടം കൂടിയാണിത്. വിജയത്തോടെ 16 കളിയിൽ 37 പോയിന്‍റുമായി ലിവര്‍പൂൾ രണ്ടാം സ്ഥാനത്ത് തുടരും. 11 വിജയവും നാല് സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.
also read: 60-ലധികം വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാഴ്‌സലോണ യൂത്ത് ടീം മുൻ കോച്ചിനെതിരെ അന്വേഷണം
മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ സതാംപ്ടണിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ലക്കാസെറ്റെ (21ാം മിനിട്ട്), മാര്‍ട്ടിന്‍ ഒദെഗാര്‍ഡ് (27ാം മിനിട്ട്), ഗബ്രിയേൽ (62ാം മിനിട്ട്) എന്നിവരാണ് ലക്ഷ്യം കണ്ടത്. വിജയത്തോടെ ആഴ്‌സണല്‍ ആറാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ 8 വിജയവും മൂന്ന് സമനിലയുമുള്ള സംഘത്തിന് 26 പോയിന്‍റാണുള്ളത്.