റിയോ: കളിജീവിതത്തില്‍ മറ്റൊരു നാഴിക കല്ലുകൂടി പിന്നിട്ട് അര്‍ജന്‍റീനിയന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി. ദേശീയ ടീമിനായി എറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.
147 മത്സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ച ജാവിയർ മസ്ക്കരാനോയുടെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബൊളീവിയക്കെതിരെ കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയതോടെയാണ് മെസി മസ്ക്കരാനോയെ പിന്നിലാക്കിയത്.
also read: മെസിക്ക് ഇരട്ട ഗോള്‍; അധികാരികതയോടെ അർജന്‍റീന ക്വാര്‍ട്ടറില്‍
ദേശീയ ടീമിനായി താരത്തിന്‍റെ 148ാം മത്സരമായിരുന്നു ഇത്. അതേസമയം ഇരട്ട ഗോള്‍ കണ്ടെത്തിയ മെസിയുടെ മികവില്‍ അര്‍ജന്‍റീന കളി പിടിച്ചിരുന്നു. 2017 ഒക്ടോബറിന് ശേഷം ഒരു അന്താരാഷട്ര മത്സരത്തില്‍ മെസി ആദ്യമായാണ് ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ കണ്ടെത്തുന്നത്.
അതേസമയം കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന ഇതേവരെ ആകെ ആറു ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ മൂന്നെണ്ണവും നേടിയത് മെസിയാണ്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. 2021ല്‍ അടിച്ചതും വഴിയൊരുക്കിയതുമടക്കം 41 ഗോളുകളാണ് താരം തന്‍റെ പേരില്‍ കുറിച്ചിട്ടുള്ളത്. ലോകത്ത് മറ്റേത് കളിക്കാരനേക്കാളും കൂടുതലാണിത്. ഇത്തരത്തില്‍ 38 ഗോളുകളുള്ള പോളണ്ടിന്‍റെ റോബർട്ട് ലെവാൻഡോവ്സ്കിസിയാണ് മെസിക്ക് പിറകിലുള്ളത്.