മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയം തുടര്‍ന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്. ഐബറിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച അത്‌ലറ്റിക്കോ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴ് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് അത്‌ലറ്റിക്കോക്കുള്ളത്.
ഐബറിനെതിരായ മത്സരത്തില്‍ യുറുഗ്വന്‍ താരം ലൂയി സുവാരസിന്‍റെ ഇരട്ട ഗോളിന്‍റെ ബലത്തിലായിരുന്നു സിമിയോണിയുടെ ശിഷ്യന്‍മാര്‍ ജയിച്ച് കയറിയത്. ആദ്യ പകുതിയിലെ നാല്‍പ്പതാം മിനിട്ടിലും നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ പെനാല്‍ട്ടിയിലൂടെയുമാണ് സുവാരസ് വല കുലുക്കിയത്.
മാര്‍ക്കോ ഡിമിത്രോവിക് ഐബറിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. പന്ത്രണ്ടാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ദിമിത്രോവിക് വല ചലിച്ചിപ്പിച്ചത്. ലീഗില്‍ തുടര്‍ച്ചയായി ആറാമത്തെ ജയം സ്വന്തമാക്കിയ അത്‌ലറ്റിക്കോ മാഡ്രിഡ് ഇതിന് മുമ്പ് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെതിരെയാണ് പരാജയപ്പെട്ടത്. കഴിഞ്ഞ മാസം 13ന് നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോ മാഡിഡ് പരാജയപ്പെട്ടത്.