ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരായ അസമിലെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യന്‍ സൂപ്പർ ലീഗിലെ മത്സരം മാറ്റിവെച്ചു. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. സുരക്ഷ മുന്‍നിർത്തി ഗുവാഹത്തിയില്‍ ഇന്ന് രാത്രി 7.30-ന് നടക്കാനിരുന്ന മത്സരമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
10 പോയന്‍റുമായി നോർത്ത് ഈസ്‌റ്റ് അഞ്ചാം സ്ഥാനത്താണ്. അതേസമയം മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്സി ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് പോയന്‍റുമായി ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്നും 14 പോയന്‍റുമായി എടികെയാണ് ഒന്നാം സ്ഥാനത്താണ്.
അതേസമയം സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ അസമും സർവീസസും തമ്മിലുള്ള മത്സരം ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. പൗരത്വ ഭേദഗതി ബില്‍ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയതിന് എതിരെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം രൂക്ഷമായിരിക്കുന്നത്. ഗുവാഹത്തിയിലും ദിബ്രുഗഡിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.