അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അർജന്‍റീനയ്ക്കും ബ്രസീലിനും ജയം. അർജന്‍റീന എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയേയും ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ചു. പരിക്കേറ്റ മെസിയുടെ അഭാവത്തിലാണ് അർജന്‍റീന മൊറോക്കയെ നേരിട്ടത്.
വെനസ്വേലക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അർജന്‍റീനയ്ക്ക് ആശ്വാസം പകരുന്നതാണ് ഇന്നത്തെ ജയം. മെസിയുടെ അഭാവത്തില്‍ മൊറോക്കോയ്ക്കെതിരെ കൂടുതല്‍ താളം കണ്ടെത്താൻ അർജന്‍റീനയ്ക്ക് കഴിഞ്ഞു. മൊറോക്കോയുടെ ശക്തമായ പ്രതിരോധം മറികടന്ന് മത്സരത്തിന്‍റെ 84ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറേയയാണ് അർജന്‍റീനയുടെ വിജയഗോൾ നേടിയത്. നാല് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കൊറേയ അർജന്‍റീനയ്ക്കായി രാജ്യാന്തര ഗോൾ നേടുന്നത്. ജൂൺ 15ന് കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെയാണ് അർജന്‍റീനയുടെ അടുത്ത അന്താരാഷ്ട്ര മത്സരം.
ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷം ഗംഭീര തിരിച്ചുവരവാണ് ബ്രസീല്‍ നടത്തിയത്. മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ഗബ്രിയേല്‍ ജീസസിന്‍റെ ഇരട്ട ഗോളുകളുടെ മികവിലാണ് കാനറികളുടെ വിജയം. ആദ്യ പകുതിയില്‍ ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി ഡേവിഡ് പാവെല്‍ക ഗോൾ നേടി. എന്നാല്‍ 49ആം മിനിറ്റില്‍ ഫിർമിനോയിലൂടെ സമനില പിടിച്ച് ബ്രസീല്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ 83, 90 മിനിറ്റുകളില്‍ ജീസസ് നേടിയ ഗോളുകൾ കാനറികൾക്ക് വൻ വിജയം സമ്മാനിച്ചു. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ പനാമ ബ്രസീലിനെ സമനിലയില്‍ തളച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ആ മത്സരത്തിന്‍റെ തനിയാവർത്തനമാകുമോ എന്ന് തോന്നിപ്പിച്ചെങ്കിലും മികച്ച പ്രകടനമാണ് ടിറ്റെയുടെ ടീം പുറത്തെടുത്തത്.