ബാങ്കോക്ക്: 42 വർഷങ്ങൾക്ക് ശേഷം കിംഗ്സ് കപ്പ് കളിക്കാനൊരുങ്ങി ഇന്ത്യ. അടുത്ത മാസം തായിലൻഡില്‍ നടക്കുന്ന കിംഗ്സ് കപ്പില്‍ കരീബിയൻ രാജ്യമായ കുറസോവയാണ് ഇന്ത്യയുടെ എതിരാളികൾ.
ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ മത്സരം. ഈ ദിവസം തന്നെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ തായിലൻഡ് വിയറ്റ്നാമുമായി ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികൾ ജൂൺ എട്ടിന് നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി പോരാടും. തായിലൻഡിലെ ചാംഗ് അറീന സ്റ്റേഡിയത്തില്‍ വച്ചാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. 1968 മുതല്‍ തായിലൻഡ് ഫുട്ബോൾ അസോസിയേഷൻ നടത്തിവരുന്ന ടൂർണമെന്‍റാണ് കിംഗ്സ് കപ്പ്. 1977ലാണ് ഇന്ത്യ അവസാനമായി കിംഗ്സ് കപ്പില്‍ കളിച്ചത്.
ഫിഫ റാങ്കിംഗില്‍ നിലവില്‍ 82ാം സ്ഥാനത്തുള്ള ടീമാണ് കുറസോവ. ഇന്ത്യ 101ാം സ്ഥാനത്ത് നില്‍ക്കുമ്പോൾ വിയറ്റ്നാം 98ാം സ്ഥാനത്തും, ആതിഥേയരായ തായിലൻഡ് 114ാം സ്ഥാനത്തുമാണ്. 1977 കിംഗ്സ് കപ്പില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ടൂർണമെന്‍റ് അവസാനിപ്പിച്ചത്.