ന്യൂഡൽഹി: 2027 ൽ എഎഫ്‌സി ഏഷ്യൻ കപ്പ് ലേലത്തിനായുള്ള രേഖകള്‍ ഇന്ത്യ സമര്‍പ്പിച്ചു. ഇന്ത്യ ലേലം സ്വന്തമാക്കിയാല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാം. അങ്ങനെ വന്നാല്‍ രാജ്യം ആദ്യമായിട്ടായിരിക്കും ആതിഥേയത്വം വഹിക്കുക.
ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം നേരത്തെ തന്നെ അറിയിച്ചതാണെന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കുന്നത്. കൊവിഡ് മൂലം തീരുമാനം അറിയിക്കുന്നതിനുള്ള തിയതി മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. ഇന്ത്യക്ക് പുറമെ ആതിഥേയത്വം വഹിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളില്‍ മുന്നില്‍ സൗദി അറേബ്യയുമുണ്ട്. പരസ്യമായി അവര്‍ അതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് തവണ കോണ്ടിനെന്‍റല്‍ കിരീടം നേടുകയും ചെയ്തിരുന്നു സൗദി അറേബ്യ.
അടുത്ത വർഷം ആദ്യം എഎഫ്‌സി ആതിഥേയ രാജ്യം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2017 ൽ പുരുഷന്മാരുടെ അണ്ടർ 17 ലോകകപ്പ് വിജയകരമായി നടത്തിയതിന് ശേഷം ഈ നവംബറിൽ ഇന്ത്യ അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ ഇതും മാറ്റിവെച്ചിരിക്കുകയാണ്.
2022 വനിതാ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഹോസ്റ്റിംഗ് അവകാശവും ഇന്ത്യയ്ക്ക് ലഭിച്ചു. നാല് തവണയാണ് ഇന്ത്യ എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുത്തത്. 1964ലാണ് ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചത്. 1984, 2011, 2019 വർഷങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിൽ കടക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.