പോർട്ടോ: സ്പാനിഷ് ഇതിഹാസ താരമായ ഐകർ കസിയസ് തിങ്കളാഴ്ച ആശുപത്രി വിടും. മെയ് ഒന്നിന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കസിയസ് അവസാന രണ്ട് ദിവസമായി ചികിത്സയിലായിരുന്നു.
ആരാധകർ ഞെട്ടലോടെയാണ് കസിയസിന്‍റെ വാർത്ത അറിഞ്ഞത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും തനിക്ക തന്ന സ്നേഹത്തിന് ആരാധകരോടും ഫുട്ബോൾ ലോകത്തോടും നന്ദി പറയുന്നു എന്നും താരം ട്വിറ്ററില്‍ കുറിച്ചു. 37 വയസുകാരനായ കസിയസ് നിലവില്‍ പോർച്ചുഗീസ് ക്ലബായ എഫ് സി പോർട്ടോയുടെ താരമാണ്. പരിശീലകൻ സെർജിയോ കൊൺസീകാവോയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് കസിയസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്.
കസിയസിന്‍റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും താരത്തിനോട് വിരമിക്കാൻ ഡോക്ടർമാർ നിർദ്ദേശം നല്‍കി. കുടുംബവുമായി ആലോചിച്ച ശേഷമാകും കസിയസ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുക. 2010 ലോകകപ്പ് സ്പെയ്ൻ നേടിയപ്പോൾ സ്പാനിഷ് ടീമിന്‍റെ നായകനും ഗോൾ കീപ്പറുമായിരുന്നു കസിയസ്.