കണ്ണൂര്‍: കാല്‍പന്ത് കൊണ്ട് മായാജാലം സൃഷ്ടിച്ച ലോക ഫുട്ബോളിലെ ഇന്ദ്രജാലക്കാരന്‍ ഡീഗോ മറഡോണ ഇനി ലോകമെമ്പാടുമുള്ള കാല്‍പന്ത് പ്രേമികളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ഫുട്ബോൾ ദൈവം ദൈവത്തിന്‍റെ സ്വന്തം നാടുകാണാന്‍ എത്തിയപ്പോള്‍ മലയാള മണ്ണിനും കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കും അത് സ്വപ്‌ന ലോകത്തേക്ക് എത്തിയ പ്രതീതിയാണ് സമ്മാനിച്ചത്.
2012 ഒക്ടോബർ 23നായിരുന്നു ഇതിഹാസ താരം കണ്ണൂരിലെത്തിയത്. ബോബി ചെമ്മണ്ണൂരിന്‍റെ ക്ഷണം സ്വീകരിച്ചാണ് അർജന്‍റൈന്‍ ഫുട്ബോൾ പ്രതിഭ കേരളത്തിലെത്തിയത്. പുലർച്ചെ കണ്ണൂരിൽ എത്തിയ താരം ബ്ലൂ-നൈൽ ഹോട്ടലിലാണ് താമസിച്ചത്. തൊട്ടടുത്ത ദിവസമായിരുന്നു സ്റ്റേഡിയത്തിൽ പരിപാടിയെങ്കിലും തലേ ദിവസം തന്നെ നഗരം ജനനിബിഢമായിരുന്നു. വൈകുന്നേരമായപ്പോഴേക്കും നഗരം പൂരപ്പറമ്പായി. കേരളത്തിലെ മുഴുവൻ ജില്ലയിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഡീഗോയുടെ ആരാധകർ കണ്ണൂരിലെത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഹോട്ടലിന്‍റെ ജനൽ പാളി നീക്കി മറഡോണ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്‌തു.
മറഡോണ താമസിച്ച ബ്ലൂ-നൈലിലെ ഹോട്ടൽ മുറി പിന്നീട് അദ്ദേഹത്തിന്‍റെ സ്മാരകമാക്കി ഉടമ നിലനിർത്തി. അന്ന് അദ്ദേഹം ഉപയോഗിച്ച വസ്‌തുക്കളും എടുത്ത ചിത്രങ്ങളുമെല്ലാം ആ മുറിയില്‍ ഭദ്രമാണ്. ആ മുറിയിൽ താമസിക്കാൻ വേണ്ടി ഇപ്പോഴും ആളുകളുടെ തിരക്കാണ്. മൈതാനിയിലായിരുന്നു പിറ്റേദിവസം മറഡോണ മുഖ്യാതിഥിയായ പൊതുപരിപാടി നടന്നത്. രാവിലെ തീരുമാനിച്ച ചടങ്ങിന് മറഡോണ എത്തിയത് ഉച്ചയോടെ. പുഷ്പ വൃഷ്ടിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങി. ഫുട്ബോളിനെ അനായാസം വശത്താക്കിയ ഡീഗോ തന്‍റെ സ്വതസിദ്ധമായ താളത്തിനൊത്ത് ഫുട്ബോൾ തട്ടി. കേരളത്തിന്‍റെ കറുത്ത മുത്ത് ഐ.എം വിജയനുമൊത്ത് ഹെഡ്ഡറിട്ടു. അദ്ദേഹം തൊട്ടിക്കളിച്ച ആ പന്ത് പിന്നീട് അഞ്ച് ലക്ഷത്തിലേറെ രൂപക്കാണ് ലേലത്തിൽ പോയത്. ജനസാഗരത്തെ ഇളക്കി മറിച്ച ഫുട്ബോൾ ദൈവം തന്‍റെ പിറന്നാൾ കേക്ക് മലയാള നാട്ടിലെ ഫുട്ബോള്‍ ആരാധകര്‍ക്കായി മുൻകൂർ മുറിച്ചാണ് മടങ്ങിയത്. തടിച്ച് കൂടിയ ജനസാഗരം ‘ഹാപ്പി ബര്‍ത്ത് ഡേ ഡീഗോ’ എന്ന് ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ‘വിവാ ഇന്ത്യ, വിവാ ഇന്ത്യ, ഐ ലവ് കേരള' എന്ന് ഡീഗോ മറുപടി നല്‍കി....
ഇതിഹാസ നായകൻ മറഞ്ഞിരിക്കുന്നു.... ഡീഗോ മറഡോണ... നിങ്ങളുടെ മുഖം കോടിക്കണക്കിന് വരുന്ന ഫുട്ബോള്‍ പ്രേമികള്‍ ഹൃദയങ്ങളിലാണ് പച്ചക്കുത്തിയിരിക്കുന്നത്... ഫുട്ബോള്‍ ഉള്ളിടത്തോളം കാലം താങ്കളുടെ ഓര്‍മകള്‍ അനശ്വരമായിരിക്കും...