സെവിയ്യ: പരാതിയും വിമർശനവും പരിഹരിക്കുകയാണ് എങ്കിൽ അത് ഇങ്ങനെ തന്നെ പരിഹരിക്കണം. പരിഹസിച്ചവരെ എല്ലാം നിശ്ബദരാക്കുന്ന പ്രകടനമായിരുന്നു ഇന്നലെ സ്പെയിൻ യുറോ കപ്പിൽ കാഴ്ച്ചവച്ചത്. ഇന്നലെ സ്ലോവാക്കിയയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സ്പെയിൻ തകർത്തെറിഞ്ഞത്. ആധികാരിക ജയത്തോടെ ഗ്രൂപ്പില്‍ സ്പെയിന് രണ്ടാം സ്ഥാനവും പ്രീക്വാർട്ടറിലേക്ക് പ്രവേശനവും സാധ്യമായി.
മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍റ് മാത്രം നേടാനായ സ്ലോവാക്കിയ ടൂർണമെന്‍റില്‍ നിന്ന് പുറത്താവുകയും ചെയ്‌തു.
അഞ്ചു ഗോളിൽ രണ്ടണ്ണം സ്ലോവാക്കിയ സ്പെയിന് 'ഇഷ്‌ടദാനം' കൊടുത്തതാണ്. സ്ലോവാക്കിയുടെ ഗോൾ കീപ്പർ മാർട്ടിൻ ദുബ്രാവ്ക്കും, ജുറാജ് കുക്കയുമാണ് സെൽഫ് ഗോളുകൾ അടിച്ചത്. പാബ്ലോ സരബിയ, അമെറിക് ലാപോർട്ട്, ഫെറാൻ ടോറസ് എന്നിവർ സ്പെയിന് വേണ്ടി ഗോളുകൾ നേടി. രണ്ടു സമനിലയും ഒരു ജയവും മാത്രമുണ്ടായിരുന്ന സ്പെയിനിന് സ്ലോവാക്കിയക്കെതിരെ ജയത്തിൽ കുറഞ്ഞത് ഒന്നും ചിന്തിക്കാൻ കൂടെ ആകുമായിരുന്നില്ല.
സ്പെയിന് ജീവൻ വെക്കുന്നു
തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ സ്പെയിന് ലഭിച്ചിരുന്നു. ഫിനിഷിങ്ങിലെ പിഴവും അൽവാരോ മൊറാറ്റയുടെ പെനാൽറ്റി പാഴാക്കലും എല്ലാമായി 29 മിനിറ്റുകൾ കടന്നു പോയി. 30-ാം മിനിറ്റിൽ പാബ്ലോ സരബിയുടെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചത് കൈക്കലാക്കാനുള്ള ശ്രമത്തിനിടെ പന്തിനെ തട്ടിയിട്ടത് സ്വന്തം ഗോൾ പോസ്റ്റിൽ.
ടൂർണമെന്റിലെ ഏഴാം സെൽഫ് ഗോളായിരുന്നു അത്. സ്പെയിൻ ആക്രമണങ്ങളെ പ്രതിരോധിച്ചു നിന്ന 'ഹീറോ ഗോളി' 'സീറോ' ആയി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ സ്പെയിൻ വീണ്ടും മുന്നിലെത്തി. അമെറിക് ലാപോർട്ടാണ് ഗോൾ നേടിയത്.
സ്‌പാനിഷ് കൊടുങ്കാറ്റ്
രണ്ടാം പകുതിയിൽ കണ്ടത് സ്‌പാനിഷ് കൊടുങ്കാറ്റാണ്. 56-ാം മിനിറ്റിൽ ആൽബയുടെ ക്രോസ് പാബ്ലോ സരബിയ സ്ലോവാക്കിയുടെ വലയിലെത്തിച്ചു. 66-ാം മിനിറ്റിൽ മൊറാറ്റയെ പിൻവലിച്ച് സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക് കളത്തിലിറക്കിയത് ഫെറാൻ ടോറസിനെ.
67-ാം മിനിറ്റിൽ ടോറസിന് ഫസ്റ്റ് ടച്ച് കിട്ടി. അത് ഗോളാക്കി മാറ്റി സ്പെയിൻ ആരാധകരെ താരം ആവേശത്തിലാക്കി. 71-ാം മിനിറ്റിൽ സ്ലോവാക്കിയുടെ മാർട്ടിൻ ഡെബ്രാവ്ക സ്വന്തം വലയിലേക്ക് ഗോളടിച്ചതോടെ സ്പെയിൻ 5-0 ന് ആധികാരിക ജയം നേടി. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് സ്പെയിനിന്‍റെ എതിരാളികൾ.
Also Read: കാല്‍പന്തിന്‍റെ ലോകത്തെ മിശിഹക്ക് ജന്മദിനം; മെസി@ 34