ലെ ഹാവ്റ: വനിത ഫുട്ബോൾ ലോകകപ്പില്‍ നോർവേയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് വനിതകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കളിയുടെ മൂന്നാം മിനിറ്റില്‍ ജില്‍ സ്കോട്ടിന്‍റെ ഗോളിലൂടെ ഇംഗ്ലണ്ട് ആദ്യ ലീഡ് നേടി. 40-ാം മിനിറ്റില്‍ എല്ലൻ വൈറ്റ് രണ്ടാം ഗോൾ നേടിയതോടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ട് വ്യക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം പകുതിയുടെ 57-ാം മിനിറ്റില്‍ ലൂസി ബ്രോൻസ് മൂന്നാം ഗോൾ നേടിയതോടെ ഇംഗ്ലണ്ട് ഗോൾ പട്ടിക പൂർത്തിയാക്കി.
കളിയുടെ സ്കോർ ഏകപക്ഷീയമായിരുന്നുവെങ്കിലും കളത്തില്‍ ഇരുവരും ഒരുപോലെ ആക്രമിച്ചാണ് കളിച്ചത്. ലഭിച്ച അവസരങ്ങൾ മുതലാക്കിയതാണ് ഇംഗ്ലണ്ടിന്‍റെ വിജയത്തിന് കാരണം. അതേസമയം നിരവധി തവണ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതില്‍ നോർവേയുടെ മുന്നേറ്റ താരങ്ങൾ പരാജയപ്പെട്ടു. ഇന്ന് നടക്കുന്ന ക്വാർട്ടർ മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് അമേരിക്കയെയും ഇറ്റലി നെതർലൻഡ്‌സിനെയും നേരിടും.