ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്യണമെന്ന തോന്നലും വിഷാദ രോഗവും കാരണം ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്ന് പോയതെന്നും ഉത്തപ്പ പറഞ്ഞു. ആ കാലഘട്ടത്തില്‍ ദിവസവും ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായി. വിഷാദ രോഗിയായി മാറി. ഒരോ ദിവസവും എങ്ങനെ തള്ളി നീക്കുമെന്ന് ഭയപ്പെട്ടു. എന്താണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്നും എത് ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഓർത്ത് ഭയപ്പെട്ടു. ബാല്‍ക്കണിയില്‍ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്യുമെന്ന് വരെ ഭയപ്പെട്ടതായും ഉത്തപ്പ പറയുന്നു. എന്നാല്‍ ക്രിക്കറ്റ് ഇത്തരം അനാവശ്യ ചിന്തകളെ അവസാനിപ്പിക്കാന്‍ സഹായിച്ചു. ഇത്തരം മോശം അനുഭവം ജീവിതത്തില്‍ ഉണ്ടായതിനെ കുറിച്ച് ഇപ്പോൾ ഖേദിക്കുന്നില്ലെന്നും ഉത്തപ്പ പറയുന്നു. രാജസ്ഥാന്‍ റോയല്‍സുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2006-ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. 46 ഏകദിനങ്ങളും 13 ടി20-കളും അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. മുമ്പ് കേരള ക്രിക്കറ്റ് ടീമിന്‍റെ നായകന്‍ കൂടിയായിരുന്നു.