ലീഡ്‌സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാർഡിയോള. സംഘാടകർ കളിക്കാരെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പും, ടോട്ടനം പരിശീലകന്‍ ഹോസെ മൗറിന്യോയും ക്രിസ്‌തുമസ് ഷെഡ്യൂളിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ലീഗില്‍ പങ്കെടുക്കുന്ന പല ടീമുകൾക്കും 48 മണിക്കൂറില്‍ രണ്ട് മത്സരങ്ങൾ വരെ കളിക്കേണ്ടിവരുന്നതായി പരിശീലകർ ആരോപിച്ചു.
ഈ മത്സരക്രമത്തില്‍ തനിക്ക് ഒരു വിശ്വാസവുമില്ലെന്ന് ഗാർഡിയോള തുറന്നടിച്ചു. സംഘാടകർ തന്‍റെ വിയോജിപ്പ് കാര്യമാക്കുന്നില്ല. കഴിഞ്ഞ സീസണിലും ഇതായിരുന്നു സ്ഥിതി. ആന്‍ഫീല്‍ഡില്‍ കളിച്ച് രണ്ട് ദിവസത്തിന് ശേഷം ഹോം ഗ്രൗണ്ടില്‍ ബോണ്‍ലിയുമായി ഏറ്റുമുട്ടേണ്ടി വന്നു. ടിവി ചാനലുകള്‍ തീരുമാനിക്കുന്നത് തങ്ങൾ സ്വീകരിക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതേസമയം ഇതേ കുറിച്ചുള്ള തന്‍റെ പ്രതികരണത്തില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശീലകരായ മൗറിന്യോക്കും ക്ലോപ്പിനും ഇതേ അഭിപ്രായമാണ്. ഈ സാഹചര്യത്തെ താരങ്ങൾ എങ്ങനെ നേരിടുമെന്ന് തനിക്ക് അറിയില്ലെന്നും പെപ്പ് ഗാർഡിയോള കൂട്ടിച്ചേര്‍ത്തു.
പ്രീമിയർ ലീഗിലെ ബോക്‌സിങ് ഡേ മത്സരം നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നഷ്‌ടമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വൂൾവ്സിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റുവാങ്ങിയത്. ഇതേ തുർന്ന് സിറ്റിയുടെ കിരീട മോഹം ഏതാണ്ട് അവസാനിച്ചു. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനേക്കാൾ 14 പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 19 മത്സരങ്ങളില്‍ നിന്നായി 38 പോയിന്‍റാണ് നിലവില്‍ സിറ്റിക്കുള്ളത്. ലീഗിലെ അടുത്ത മത്സരത്തില്‍ ക്ലബ് ഷെന്‍ഫീല്‍ഡിനെ നേരിടും.