ഫുട്ബോൾ ലോകകപ്പിന് ശേഷം രാജ്യാന്തര മത്സരങ്ങളിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിയുടെ ആദ്യ മത്സരത്തിൽ അർജന്‍റീനക്ക് തോൽവി. കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ വെനസ്വേലയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്‍റീന തോൽവി വഴങ്ങിയത്.
കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയതും വെനസ്വേലയായിരുന്നു. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ അർജന്‍റീനക്ക് ആദ്യ പ്രഹരം നൽകി വെനസ്വേല ലീഡ് നേടി. ഇംഗ്ലീഷ് ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡിന്‍റെ താരം റോണ്ടോണാണ് ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് മുറില്ലോയിലൂടെ ഗോളിലൂടെ വെനസ്വേല ലീഡ് രണ്ടാക്കി.
രണ്ടാം പകുതിയുടെ 59-ാം മിനിറ്റിൽ ലൗട്ടറോ മാർട്ടിനസിന്‍റെ ഗോളിൽ അർജന്‍റീന ഒരുഗോൾ മടക്കി പ്രതീക്ഷ നൽകിയെങ്കിലും 75-ാം മിനിറ്റിൽ വെനസ്വേലക്ക് ലഭിച്ച പെനാൽറ്റി മുതലാക്കി ജോസഫ് മാർട്ടീനസ് വെനസ്വേലയുടെ ജയം ഉറപ്പിച്ചു. അർജന്‍റീനയുടെ പോരായ്മകൾ തുറന്ന് കാട്ടുന്നതായിരുന്നു വെനസ്വേലക്കെതിരെയുള്ള പ്രകടനം. ടീമിലേക്ക് തിരിച്ചെത്തിയ മെസിയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. കളിയിൽ പരിക്കേറ്റ മെസി ബുധനാഴ്ച്ച മൊറോക്കോക്കെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു.