മുംബൈ: ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ ഉയര്‍ച്ചയിലും താഴ്‌ചയിലും കട്ടയ്‌ക്ക് കൂടെ നില്‍ക്കുന്നയാളാണ് ഭാര്യ ധനശ്രീ വർമ. ലോക്ക്‌ഡൗണ്‍ കാലത്ത് ആരംഭിച്ച പ്രണയമാണ് ഇരുവരേയും വിവാഹത്തിലേക്ക് എത്തിച്ചത്. അധികം ആര്‍ക്കും അറിയാത്തതാണ് ധനശ്രീയുടേയും ചാഹലിന്‍റേയും പ്രണയകഥ. ഇപ്പോഴിതാ തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ചാഹലും ധനശ്രീയും.
ഡാന്‍സ് പഠനത്തില്‍ തുടക്കം: ലോക്ക്‌ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ ഡാൻസ് പഠിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ധനശ്രീയ്‌ക്ക് താന്‍ ആദ്യം മെസേജ് അയയ്‌ക്കുകയായിരുന്നുവെന്നാണ് ചാഹല്‍ പറയുന്നത്. 'ടിക് ടോക്കിലും മറ്റും നിരവധി റീലുകളിലും നൃത്തവും കണ്ട് ഞാന്‍ ധനശ്രീയ്‌ക്ക് ആദ്യം സന്ദേശം അയയ്‌ക്കുകയായിരുന്നു.'
'ലോക്ക്ഡൗണിൽ എനിക്ക് ഒന്നും ചെയ്യാനില്ലാത്തതിനാൽ ഡാൻസ് പഠിക്കാൻ ക്ലാസുകൾ നൽകുമോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. എനിക്ക് പുതിയ എന്തെങ്കിലും പഠിക്കണമായിരുന്നു. മെസേജ് അയച്ചതിന് ശേഷം ഞങ്ങള്‍ ഓൺലൈനിൽ ക്ലാസുകള്‍ ആരംഭിച്ചു.'
'ആദ്യത്തെ രണ്ട് മാസം ഞങ്ങൾ ഡാൻസിനെക്കുറിച്ചല്ലാതെ മറ്റൊന്നും സംസാരിച്ചില്ല. സത്യം പറഞ്ഞാല്‍, അവളെ ഞാൻ ഒട്ടും ഫ്ലർട്ട് ചെയ്‌തില്ല. ഞങ്ങൾ സുഹൃത്തുക്കൾ പോലുമായിരുന്നില്ല. ഡാൻസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക് ഇടയില്‍ നടന്നത്'- യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു.
ഊര്‍ജസ്വലയായ പെണ്‍കുട്ടി: ലോക്ക്ഡൗണിന്‍റെ വിരസമായ സമയങ്ങളിലും ധനശ്രീ ഏറെ ഊര്‍ജസ്വലയായിരുന്നതാണ് ആകര്‍ഷിച്ചത്. ആ വൈബ് ഇഷ്‌ടപ്പെട്ടതോടെയാണ് തന്നെ വിവാഹം കഴിക്കാമോയെന്ന് ചോദിക്കാന്‍ തീരുമാനിച്ചതെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു. 'ലോക്ക്ഡൗണിന്‍റെ ഈ ഘട്ടത്തിലും നീ എങ്ങനെ ഇത്ര സന്തോഷവതിയായി ഇരിക്കുന്നുവെന്ന് ഞാന്‍ അവളോട് ചോദിച്ചു. അവിടെ നിന്നാണ് ഞങ്ങളുടെ സംഭാഷണങ്ങൾ തുടങ്ങിയത്.'
'അവിടെ നിന്നാണ് ധനശ്രീ അവളുടെ ജീവിതത്തെക്കുറിച്ച് എന്നോട് പറയാന്‍ തുടങ്ങിയത്. അവളുടെ ആ വൈബ് എനിക്ക് ഏറെ ഇഷ്‌ടപ്പെട്ടു. ഞാനെങ്ങനെയാണോ... അതുപോലെ തന്നെ സ്വയം ഉയര്‍ന്നുവന്ന പെണ്‍കുട്ടിയാണവള്‍. പിന്നീട് ധനശ്രീയെക്കുറിച്ചും അവളെ ഇഷ്‌ടമായെന്നും ഞാന്‍ അമ്മയോടും പറഞ്ഞു.'
'ധനശ്രീയോട്, എനിക്ക് ഡേറ്റ് ചെയ്യാൻ താത്‌പര്യമില്ലെന്നും വിവാഹം കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നുവെന്നും നേരിട്ട് പറയുകയായിരുന്നു. ഞങ്ങള്‍ ഒരുപാട് ചാറ്റ് ചെയ്‌തതിനാല്‍ അക്കാര്യം എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു'- ചാഹല്‍ കൂട്ടിച്ചേര്‍ത്തു.
'മാന്യന്‍, അഭിനിവേശമുള്ളയാള്‍': ചാഹലില്‍ എന്താണ് ആകര്‍ഷിച്ചതെന്ന ചോദ്യത്തിന് ധനശ്രീയോടെ ഉത്തരം ഇങ്ങനെ... എന്ത് ഹോം വര്‍ക്ക് നല്‍കിയാലും അവയെല്ലാം കൃത്യമായി ചെയ്യുന്ന ഒരു മികച്ച വിദ്യാര്‍ഥിയായിരുന്നു ചാഹല്‍ എന്ന് പറഞ്ഞ ധനശ്രീ, താരത്തിന്‍റെ മാന്യതയും നേരിട്ടുള്ള പെരുമാറ്റവുമാണ് തന്നെ ആകർഷിച്ചതെന്നുമാണ് പറയുന്നത്.
'തങ്ങളുടെ ആഗ്രഹങ്ങളോട് അഭിനിവേശമുള്ള ആളുകളെ ഞാൻ എപ്പോഴും ഇഷ്‌ടപ്പെടുന്നു. ഞാൻ വളരെക്കാലമായി ക്രിക്കറ്റ് കാണുമായിരുന്നു, എന്നാല്‍ ഞാനതു നിര്‍ത്തിയപ്പോഴാണ് ചാഹല്‍ ഇന്ത്യന്‍ ടീമിനായി തന്‍റെ അരങ്ങേറ്റം നടത്തിയത്. അത് ശരിക്കും നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു.'
'ഡാന്‍സ് പഠിക്കണമെന്ന് എനിക്ക് സന്ദേശം ലഭിച്ചപ്പോള്‍, ആരാണ് ചാഹലെന്നതിനെക്കുറിച്ച് എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. ഡാൻസിനെ ഏറെ സത്യസന്ധമായാണ് യുസ്‌വി സമീപിച്ചത്. എനിക്കത് ഏറെ ഇഷ്‌ടമായിരുന്നു. എന്ത് ഹോം വര്‍ക്ക് നല്‍കിയാലും അവയെല്ലാം കൃത്യമായി ചെയ്യുന്ന ഒരു മികച്ച വിദ്യാര്‍ഥിയായിരുന്നു ചാഹല്‍.'
'എവിടെയാണ് തനിക്ക് കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുകയെന്ന് ചോദിച്ച് തന്‍റെ ഡാന്‍സ് വീഡിയോകളും എനിക്ക് അയയ്‌ക്കുമായിരുന്നു. ഇക്കാരണത്താലാണ് ആ ക്ലാസ് രണ്ട് മാസങ്ങള്‍ നീണ്ടുനിന്നത്. ഏറെ മാന്യതയോടെയുള്ള അവന്‍റെ പെരുമാറ്റം എനിക്ക് ഏറെ ഇഷ്‌ടമാണ്.'
'ഒരു വിദ്യാര്‍ഥിയായപ്പോളും സുഹൃത്തായപ്പോഴും അവന്‍ അവനായി തന്നെയാണ് എന്നോട് പെരുമാറിയത്. ഡേറ്റിങ് അടക്കമുള്ള ഒരുപാട് കാര്യങ്ങളില്‍ ആളുകള്‍ പരീക്ഷണം നടത്തുന്ന കാലമാണിത്. എന്നാല്‍ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എന്നോട് തുറന്ന് പറയുകയായിരുന്നു. എനിക്ക് ഒരിക്കലും വിവാഹം കഴിക്കാനുള്ള സമ്മർദം ഉണ്ടായിരുന്നില്ല. എന്‍റെ ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്‌ടയായിരുന്നു, ഇപ്പോഴും അങ്ങനെത്തന്നെ...' - ധനശ്രീ പറഞ്ഞു നിര്‍ത്തി.