മുംബൈ : ആരാധകരെ ഞെട്ടിച്ചുകൊണ്ട് 2019 ജൂണിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിങ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് വിവിധ ടി20 ലീഗുകളിലും അബുദാബി ടി10 ലീഗിലും, റോഡ് സേഫ്‌റ്റി സീരീസിലും താരം കളിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ഫെബ്രുവരിയോടെ കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന് കരുതുന്നതായാണ് താരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏത് ലീഗിലേക്കാണ് തിരിച്ചുവരുന്നതെന്ന് 35കാരനായ യുവി വ്യക്തമാക്കിയിട്ടില്ല. ഇതോടൊപ്പം ഇന്ത്യന്‍ ടീമിനുള്ള പിന്തുണ തുടരാനും താരം ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'നിങ്ങളുടെ വിധി തീരുമാനിക്കുന്നത് ദൈവമാണ് !! പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഫെബ്രുവരിയിൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം !. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഇന്ത്യയെ പിന്തുണയ്ക്കുന്നത് തുടരുക. ഇത് നമ്മുടെ ടീമാണ്. ദുഷ്‌കരമായ സമയങ്ങളിൽ ഒരു യഥാർഥ ആരാധകൻ അവന്റെ അല്ലെങ്കിൽ അവളുടെ പിന്തുണ കാണിക്കും" യുവി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഇന്ത്യയ്‌ക്കായി 304 ഏകദിനങ്ങളില്‍ കളിച്ച താരം 14 സെഞ്ച്വറിയും 52 അര്‍ധസെഞ്ച്വറിയും സഹിതം 8701 റണ്‍സും 111 വിക്കറ്റുകളും നേടിയിട്ടുണ്ട്. 40 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറിയും സഹിതം 1900 റണ്‍സും ഒമ്പത് വിക്കറ്റുകളും താരം കണ്ടെത്തിയിട്ടുണ്ട്. 58 ടി20 മത്സരങ്ങളില്‍ നിന്ന് എട്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പടെ 1177 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 28 വിക്കറ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.