മുംബൈ: വനിത ഐപിഎല്‍ ഫ്രാഞ്ചൈസി ലേലത്തിലൂടെ ബിസിസിഐക്ക് ചുരുങ്ങിയത് 4000 കോടി രൂപയെങ്കിലും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വനിത ഐപിഎല്ലിലെ അഞ്ച് ഫ്രാഞ്ചൈസികളുടെ ലേലം ബുധനാഴ്‌ചയാണ് നടക്കുക. ക്ലോസ്‌ഡ് ബിഡ് ലേലത്തിൽ ഓരോ ടീമിനും 500 മുതൽ 600 കോടി രൂപ വരെ ഷെൽ ഔട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്.
ലേലത്തില്‍ ഒരു ടീമിന് 800 കോടി രൂപയ്‌ക്ക് മുകളില്‍ ലഭിക്കുക പ്രയാസമാണെങ്കിലും ബിസിസിഐക്ക് പരാതികളുണ്ടാവില്ലെന്നും വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാനുള്ള അഞ്ച് ലക്ഷം രൂപയുടെ അപേക്ഷ 30-ലധികം കമ്പനികൾ വാങ്ങിയിട്ടുണ്ട്. പുരുഷ ഐപിഎല്ലിലെ 10 ടീമുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തുടങ്ങിയവരാണ് വനിത ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത്. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ അദാനി ഗ്രൂപ്പ്, ടോറന്‍റ് ഗ്രൂപ്പ്, ഹൽദിറാംസ് പ്രഭുജി, കാപ്രി ഗ്ലോബൽ, കൊടാക്, ആദിത്യ ബിർള ഗ്രൂപ്പ് തുടങ്ങിയവയ്‌ക്ക് പുറമെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമകളായ ഗ്ലേസർ കുടുംബവും ടീമുകള്‍ക്കായി താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിമൻസ് ടി20 ചലഞ്ച് എന്ന പേരില്‍ നടത്തിയിരുന്ന എക്‌സിബിഷൻ ടൂര്‍ണമെന്‍റ് വനിത ഐപിഎല്‍ ആക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിസിസിഐ തീരുമാനമെടുത്തത്. ആദ്യ സീസണ്‍ അടുത്ത മാര്‍ച്ച് മാസത്തിലാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മത്സരക്രമം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും മാര്‍ച്ച് 5 നും 23 നും ഇടയിൽ ടൂര്‍ണമെന്‍റ് നടക്കുമെന്നാണ് സംസാരം.
മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം18 സ്വന്തമാക്കിയിരുന്നു. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വയാകോം18 സംപ്രേഷണാവകാശം നേടിയിരിക്കുന്നത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക.
ALSO READ: കിട്ടേണ്ടിയിരുന്നത് മുട്ടന്‍ പണി; താക്കീതില്‍ രക്ഷപ്പെട്ട് ഇഷാന്‍ കിഷന്‍