സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് 138 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ അറ് വിക്കറ്റ് നഷ്‌ടത്തിലാണ് 137 റണ്‍സ് എടുത്തത്. അപരാജിത അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ നിദ ദാറിന്‍റെ പ്രകടനമാണ് പാകിസ്ഥാന് തുണയായത്.
37 പന്തില്‍ 56 റണ്‍സാണ് നിദ നേടിയത്. അന്താരാഷ്‌ട്ര ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പാക് വനിത താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറാണിത്. ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് 35 പന്തില്‍ 32 റണ്‍സെടുത്തു. പവര്‍പ്ലേയില്‍ 33 റണ്‍സിന് പാകിസ്ഥാന്‍റെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു.
മുനീബ അലി (17 പന്തില്‍), സിദ്ര അമീൻ (14 പന്തില്‍ 11), ഒമൈമ സൊഹൈൽ (2 പന്തില്‍ 0) എന്നിവരാണ് വേഗം തിരിച്ച് കയറിയത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ബിസ്‌മ മറൂഫ്- നിദ ദാര്‍ സഖ്യം പാകിസ്ഥാനെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റില്‍ 76 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ത്തത്.
ബിസ്‌മയെ പുറത്താക്കി രേണുക സിങ്ങാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ആലിയ റിയാസ് (7പന്തില്‍7), ആയിഷ നസീം (7 പന്തില്‍ 9) എന്നിവര്‍ക്ക് അധികം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. നിദയോടൊപ്പം തുബ ഹസ്സനും (1 പന്തില്‍ 1) പുറത്താവാതെ നിന്നു.
അഞ്ച് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് നിദയുടെ ഇന്നിങ്‌സ്. ഇന്ത്യയ്‌ക്കായി ദീപ്‌തി ശര്‍മ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കിയ പൂജ വസ്‌ത്രാകര്‍ രണ്ടും, 24 റണ്‍സ് വഴങ്ങിയ രേണുക സിങ് ഒരു വിക്കറ്റും നേടി.