കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിന് ക്രിക്കറ്റ് എന്തായിരുന്നുവെന്ന് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് അറയില്ലെന്നും രണ്ട് തവണ ലോകകപ്പ് ജേതാക്കളായ പ്രതാപ കാലത്തേക്ക് ടീം തിരിച്ചുപോവില്ലെന്നും പേസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആംബ്രോസ് തന്‍റെ നിരാശയും പങ്കുവച്ചത്. ഇപ്പോഴത്തെ കളിക്കാരെ കുറച്ച് കാണുകയല്ല. മികച്ചവരാകാൻ കഴിയുന്നവരുമുണ്ട്. പക്ഷേ ഇനിയൊരു തിരിച്ചുപോക്ക് വിന്‍ഡീസ് ക്രിക്കറ്റിനുണ്ടാവില്ല.
കരീബിയന്‍ ജനതയെ ഒന്നിപ്പിക്കുകയും ഉന്മാദിപ്പിക്കുകയും ചെയ്തിരുന്ന ഒന്നായിരുന്നു ക്രിക്കറ്റ്. എന്നാല്‍ ഇപ്പോഴുള്ള യുവാക്കള്‍ക്ക് അങ്ങനെയുള്ള വികാരങ്ങളൊന്നുമില്ല, വിന്‍ഡീസിനെ സംബന്ധിച്ച് ക്രിക്കറ്റ് എന്തായിരുന്നുവെന്ന് അവര്‍ക്ക് മനസിലാക്കാനാകുന്നില്ല. യുവാക്കള്‍ക്കിടയില്‍ മറ്റുപലതിനും പ്രചാരം വന്നു. ഇപ്പോഴത്തെ ടീമിന് റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്താനാകും. എന്നാല്‍ 80 കളിലും 90 കളിലും ചെയ്ത രീതിയിൽ ആധിപത്യം സ്ഥാപിക്കുക അസാധ്യമാണെന്നും താരം പറഞ്ഞു.
also read: ബുംറയുടെ വലിയ ആരാധകനെന്ന് പേസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്
അതേസമയം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കടുത്ത ആരാധകനാണെന്നും ദീര്‍ഘ നാളത്തേക്ക് ഫിറ്റ്നസ് നില നിര്‍ത്താനായാല്‍ താരത്തിന് 400 ടെസ്റ്റ് വിക്കറ്റുകൾ എന്ന നിര്‍ണായക നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നും ആംബ്രോസ് അടുത്തിടെ പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ഷോയ്ക്കിടെയാണ് ആംബ്രോസ് ഇക്കാര്യം പറഞ്ഞത്. താൻ കണ്ട ഏതൊരു ബൗളറേക്കാളും വ്യത്യസ്തനാണ് ബുംറയെന്നും ഫലപ്രദമായ രീതിയിലാണ് താരം പന്തെറിയുന്നതെന്നുമായിരുന്നു വിന്‍ഡീസ് ഇതിഹാസത്തിന്‍റെ പരാമര്‍ശം.