പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ജൂലായ് 27-ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെയും പേസര്‍ ഒഷെയ്ന്‍ തോമസിനെയും വിന്‍ഡീസ് തിരികെ വിളിച്ചിട്ടുണ്ട്. ഷായ് ഹോപ്പിന്‍റെ നേതൃത്വത്തില്‍ 15 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
റോവ്‌മാന്‍ പവലാണ് ഉപനായകന്‍. അല്‍സാരി ജോസഫ്, കെയ്‌ല്‍ മെയേഴ്‌സ്, റൊമാരിയോ ഷെപ്പേര്‍ഡ് തുടങ്ങിയ താരങ്ങളും ടീമിന്‍റ ഭാഗമാണ്. സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം സംസാരിച്ച മുഖ്യ സെലക്‌ടർ ഡെസ്‌മണ്ട് ഹെയ്ൻസ് ഹെറ്റ്മയറിനെയും ഒഷെയ്ന്‍ തോമസിനെയും ടീമിലേക്ക് തിരികെ സ്വാഗതം ചെയ്തു. ഹെറ്റ്‌മെയറിന്‍റെ ബാറ്റിങ്ങിലും ഒഷെയ്ന്‍ തോമസിന്‍റെ പേസിലും ടീമിന് വളരെയധികം പ്രതീക്ഷയുണ്ട്.
ഇന്നിങ്സിന്‍റെ മധ്യത്തിലോ, ഫിനിഷറായോ ഹെറ്റ്മയറിന്‍റെ പ്രകടനം ടീമിന് നിര്‍ണായകമാവുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂബോളില്‍ വിക്കറ്റുകള്‍ വീഴ്‌ത്താനുള്ള ഒഷെയ്ന്‍ തോമസിന്‍റെ കഴിവ് ടീമിന് ഗുണം ചെയ്യുമെന്നും ഡെസ്‌മണ്ട് ഹെയ്ൻസ് കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹെറ്റ്‌മെയര്‍ വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്തുന്നത്.
2021 ജൂലായിലാണ് താരം അവസാനമായി കരീബിയന്‍ ടീമിനായി ഏകദിനം കളിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടക്കം ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള ടി20 ലീഗുകളില്‍ താരം സജീവമായിരുന്നു. മറുവശത്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒഷെയ്ന്‍ തോമസ് വിന്‍ഡീസ് ഏകദിന ടീമിലേക്ക് തിരികെയെത്തുന്നത്. ഇതിന് മുന്നെ 2020 ജനുവരിയിലായിരുന്നു താരം വിന്‍ഡീസ് കുപ്പായം അണിഞ്ഞത്.
ജൂലായ് 27-ന് ബാര്‍ബഡോസിലെ കെന്നിങ്‌ടണ്‍ ഓവലിലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ആരംഭിക്കുന്നത്. 29-ന് ഇതേ വേദിയില്‍ തന്നെയാണ് രണ്ടാം ഏകദിനം. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന്‍റെ വേദി ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയമാണ്.
അതേസമയം രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരെ തിളങ്ങാന്‍ കഴിഞ്ഞാല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടത്തിനായി അവകാശവാദമുന്നയിക്കാന്‍ സഞ്‌ജുവിന് കഴിയും.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.