ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) നാലാം ടി20യ്‌ക്കായി ടീം ഇന്ത്യ (India) ഇന്നാണ് ഇറങ്ങുന്നത്. അമേരിക്കയിലെ ഫ്ലോറിഡയില്‍ (Florida) ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കുന്നത്. ഇന്ന് ജയിച്ച് പരമ്പരയില്‍ വിന്‍ഡീസിനൊപ്പമെത്താനായിരിക്കും ഹര്‍ദിക് പാണ്ഡ്യയുടെയും (Hardik Pandya) കൂട്ടരുടെയും ശ്രമം.
ബാറ്റിങ്ങിനെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്ന സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്കിലാണ് വിന്‍ഡീസ് ഇന്ത്യ പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്. ഈ സാഹചര്യത്തില്‍ മോശം ഫോമിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് (Sanju Samson) റണ്‍സ് കണ്ടെത്താന്‍ ഇതിലും മികച്ച അവസരം ലഭിച്ചേക്കില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍ (Wasim Jaffer). പരമ്പരയില്‍ ബാറ്റ് ചെയ്‌ത രണ്ട് ഇന്നിങ്‌സില്‍ നിന്നായി ആകെ 19 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്.
'സഞ്ജു സാംസണ്‍ കുറച്ച് റണ്‍സ് കണ്ടെത്തേണ്ട സമയമാണിത്. വലിയ സ്‌കോറുകള്‍ പിറക്കാന്‍ സാധ്യതയുള്ള പിച്ചാണ് ഫ്ലോറിഡയിലേത്. ഇവിടെ പന്ത് വളരെ അനായാസമായാണ് ബാറ്റിലേക്ക് വരുന്നത്.
സഞ്ജു മാത്രമല്ല ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ ആരാണെങ്കില്‍പ്പോലും മോശം ഫോമിലുള്ള ഒരാള്‍ക്ക് റണ്‍സ് കണ്ടെത്താന്‍ ഇതിലും മികച്ച അവസരം ഇനി ലഭിച്ചേക്കില്ല. അതുകൊണ്ട് തന്നെ ഇതിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്' -ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് വസീം ജാഫര്‍ പറഞ്ഞു.
പിച്ച് റിപ്പോര്‍ട്ട്: ഇന്ത്യയ്‌ക്ക് മികച്ച റെക്കോഡാണ് ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഉള്ളത്. ഇവിടെ ആറ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ നാല് ജയങ്ങളാണ് നേടിയിട്ടുള്ളത്. ഈ മൈതാനത്ത് ആദ്യമായി കളിക്കാന്‍ ഇറങ്ങിയ ഒരു മത്സരത്തില്‍ മാത്രമായിരുന്നു ടീം ഇന്ത്യ തോല്‍വി വഴങ്ങിയത്.
തുടക്കത്തില്‍ ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചാണ് സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്കിലേത്. ഇവിടെ, ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കാന്‍ സാധിച്ചേക്കും. എന്നാല്‍, രണ്ടാം ഇന്നിങ്‌സിലേക്കെത്തുമ്പോള്‍ പിച്ചിന്‍റെ സ്വഭാവം മാറും.
ഈ സമയം, ഇവിടെ ബാറ്റിങ് ദുഷ്‌കരമാകും. അതുകൊണ്ട് തന്നെ ചേസിങ് ഇവിടെ പ്രയാസമാണ്. മുന്‍പ് ഇവിടെ കളിച്ച 14 കളികളില്‍ രണ്ട് പ്രാവശ്യം മാത്രമാണ് റണ്‍സ് പിന്തുടര്‍ന്ന ടീം ജയം നേടിയിട്ടുള്ളത്.
ഇന്ത്യന്‍ സ്‌ക്വാഡ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്: ജോണ്‍സണ്‍ ചാള്‍സ്, കെയ്‌ല്‍ മെയേഴ്‌സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളസ് പുരാന്‍, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷായ് ഹോപ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെഫേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസെന്‍, ഒഡെയ്ന്‍ സ്‌മിത്ത്, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, അല്‍സാരി ജോസഫ്, റോസ്റ്റേന്‍ ചേസ്.