ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) ബാറ്റു ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ തന്‍റെ മഹത്തരമായ കരിയറില്‍ ഒരു പുതിയ റെക്കോഡ് കൂടെ ചേര്‍ത്തിരിക്കുകയാണ് 35-കാരനായ താരം. മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ റൊമാരിയോ ഷെപ്പേർഡിനെ പുറത്താക്കാൻ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു.
രവീന്ദ്ര ജഡേജയുടെ പന്തില്‍ സെക്കന്‍റ് സ്ലിപ്പില്‍ ഒറ്റക്കയിലായിരുന്നു കോലി റൊമാരിയോ ഷെപ്പേർഡിനെ പിടികൂടിയത്. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലി നേടുന്ന 142-ാം ക്യാച്ചായിരുന്നുവിത്. ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്താനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.
ന്യൂസിലന്‍ഡിന്‍റെ മുന്‍ താരം റോസ് ടെയ്‌ലര്‍ക്കും ഏകദിനത്തില്‍ ഇത്രയും ക്യാച്ചുകളുണ്ട്. ശ്രീലങ്കയുടെ മുന്‍ താരം മഹേല ജയവര്‍ധനെയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 218 ക്യാച്ചുകളാണ് ലങ്കന്‍ താരം നേടിയിട്ടുള്ളത്. 160 ക്യാച്ചുകളുമായി ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 156 ക്യാച്ചുകളുമായി ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനാണ് കോലിക്ക് മുന്നിലുള്ള മറ്റൊരു താരം.
അതേസമയം ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണത്തിന്‍റെ ഭാഗമായാണ് വിരാട് കോലി ബാറ്റു ചെയ്യാന്‍ ഇറങ്ങാതിരുന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ് വിന്‍ഡീസിനെ കറക്കി വീഴ്‌ത്തിയത്. മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ചൈനമെന്‍ ബോളര്‍ കുല്‍ദീപ് യാദവാണ് വിന്‍ഡീസിന് കനത്ത പ്രഹരം നല്‍കിയത്.
രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി. ഹാര്‍ദിക് പാണ്ഡ്യ, മുകേഷ് കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സന്തമാക്കിയിരുന്നു. 45 പന്തുകളില്‍ 43 റണ്‍സ് നേടിയ ക്യാപ്‌റ്റൻ ഷായ് ഹോപ് മാത്രമണ് വിന്‍ഡീസ് നിരയില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചത്. ഹോപ്പടക്കം ആകെ നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. രണ്ട് ബാറ്റർമാർ പൂജ്യത്തിനാണ് തിരിച്ചുകയറിയത്.
ALSO READ: Kuldeep Yadav |'കുല്‍ചയോ കുല്‍ജയോ', ലോകകപ്പ് നേടാൻ ഇന്ത്യയുടെ 'കറക്കുകമ്പനിക്കാർ' ആരൊക്കെ
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 118 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 46 പന്തുകളില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 52 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ (Ishan Kishan) നിര്‍ണായകമായി. പരീക്ഷണത്തിന്‍റെ ഭാഗമായി പതിവില്‍ നിന്ന് വ്യത്യസ്തമായി നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്.
മുന്നെ എത്തിയവരില്‍ ഇഷാന്‍ ഒഴികെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയതോടെയാണ് രോഹിത്തിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നത്. രോഹിത്തും (19 പന്തുകളില്‍ 12), രവീന്ദ്ര ജഡേജയും (25 പന്തുകളില്‍ 19) പുറത്താവാതെ നിന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ശുഭ്‌മാന്‍ ഗില്‍ (16 പന്തുകളില്‍ 7), ഹാര്‍ദിക് പാണ്ഡ്യ (7 പന്തുകളില്‍ 5), ശാര്‍ദുല്‍ താക്കൂര്‍ (4 പന്തില്‍ 1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ALSO READ: Sanju Samson | കണക്കിലെ കളിയില്‍ മുന്നില്‍ സഞ്ജു, 'ടീമിലെത്താനുള്ള കളി' കൂടി പഠിക്കണമെന്ന് ആരാധകർ...