ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മൂന്ന് ടി20യിലും നിറം മങ്ങിയതിന് ശേഷം വമ്പന്‍ തിരിച്ചുവരവാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ നടത്തിയത്. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ റണ്‍ വരള്‍ച്ച നേരിട്ടതോടെ ഗില്‍ മോശം ഫോമിന്‍റെ പിടിയില്‍ അമര്‍ന്നോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഫ്ലോറിഡയില്‍ നടന്ന നാലാം ടി20യില്‍ ആദ്യ വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 165 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ശുഭ്‌മാന്‍ ഗില്‍ മടങ്ങിയത്.
47 പന്തുകളില്‍ 77 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഇതിന് പിന്നാലെ ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് 23-കാരന്‍. ആദ്യ മൂന്ന് ടി20യില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിയാതിരുന്നതിന് പിന്നില്‍ 'തെറ്റുകൾ' വരുത്തിയതല്ലെന്നാണ് ഗിൽ വിശദീകരിക്കുന്നത്. "ആദ്യ മൂന്ന് ടി20കളില്‍ എനിക്ക് പത്ത് റണ്‍സ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഫ്ലോറിഡയിലെ വിക്കറ്റ് കുറച്ചുകൂടി മികച്ചതായിരുന്നു,
അതിനാൽ അത് മുതലാക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് നല്ല തുടക്കവും ലഭിച്ചിരുന്നു. ടി20 ഫോര്‍മാറ്റ് ഇങ്ങനെയാണ്. നിങ്ങൾക്ക് 3-4 മത്സരങ്ങൾ ഉള്ളപ്പോൾ വേഗത്തില്‍ സ്‌കോര്‍ ചെയ്യേണ്ട സാഹചര്യത്തില്‍ കൂടുതൽ ചിന്തിക്കാൻ സമയമുണ്ടാവില്ല. ചിലപ്പോള്‍ നല്ല ഷോട്ടുകളാവും ഫീൽഡർ പിടികൂടുന്നത്.
എന്നാല്‍ അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ച് നിന്ന് കളിക്കുകയെന്നതാണ് പ്രധാനം. മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ എങ്ങനെയാണ് കളിച്ചതെന്ന് നിങ്ങള്‍ നോക്കണം. അതില്‍ നിന്ന് വ്യത്യസ്‌തമായി ഇപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ എന്ന് തിരിച്ചറിയണം. ആദ്യ മൂന്ന് മത്സരങ്ങളിലും ഞാൻ തെറ്റ് ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നി. എന്നാല്‍ തുടക്കം മികച്ച രീതിയിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല" - ഗില്‍ പറഞ്ഞു നിര്‍ത്തി.
ALSO READ: ഇന്ത്യയുടെ അടുത്ത സച്ചിനും ഗാംഗുലിയും ; ഗില്ലിനേയും ജയ്‌സ്വാളിനേയും വാഴ്‌ത്തി റോബിന്‍ ഉത്തപ്പ
മത്സരത്തിലെ പ്രകടനത്തോടെ ടി20യില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തിന്‍റെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനും ജയ്‌സ്വാളിനും കഴിഞ്ഞിരുന്നു. 2017 ഡിസംബറില്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു രോഹിത്തും രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 165 റണ്‍സ് അടിച്ചത്.
ALSO READ: WI vs IND | പറവയെ പോലെ പറന്നുയര്‍ന്ന് സഞ്‌ജു ; മെയേഴ്‌സിനെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ച് കാണാം
അതേസമയം കളിയില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് വിജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് വിന്‍ഡീസിനൊപ്പമെത്തി. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സായിരുന്നു നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ കളി തീര്‍ക്കുകയായിരുന്നു. ഇതേ വേദിയില്‍ ഇന്നാണ് പരമ്പരയിലെ അവസാന ടി20 നടക്കുന്നത്. കളി വിജയിക്കുന്നവര്‍ക്ക് പരമ്പര തൂക്കാം.