മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ പരിശീകന്‍ രാഹുല്‍ ദ്രാവിഡിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിശീലകനില്‍ നിന്നും കാര്യമായ പിന്തുണയില്ലെന്നാണ് പാര്‍ഥിവ് പട്ടേലിന്‍റെ വാക്കുകള്‍. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇക്കാര്യം പറഞ്ഞത്.
"ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ ശ്രമത്തില്‍ തന്നെ കിരീടത്തിലേക്ക് എത്തിച്ച ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. തൊട്ടടുത്ത സീസണിലും ഹാര്‍ദിക്കിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ എത്തിയിരുന്നു. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോല്‍വി വഴങ്ങിയ ടീം രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ചിടത്തോളം, ഫ്രാഞ്ചൈസിയുടെ ഈ കുതിപ്പില്‍ നിര്‍ണായകമായത് ഹാർദിക് പാണ്ഡ്യയുടെയും ആശിഷ് നെഹ്‌റയുടെയും ക്യാപ്റ്റൻ-കോച്ച് ജോഡിയാണ്. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് വരുമ്പോള്‍ ഇതു തികച്ചും വ്യത്യസ്‌തമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് സന്ദര്‍ഭങ്ങളില്‍ വ്യക്തമായ പിഴവുണ്ടായിരുന്നു.
ആദ്യ ടി20യില്‍ നിക്കോളാസ് പുരൻ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ അക്സർ പട്ടേലിന് ആ ഓവര്‍ നല്‍കിയതാണ് ഒന്നാമത്തേത്. രണ്ടാം ടി20യില്‍ ആവട്ടെ, മികച്ച പ്രകടനം നടത്തിയ യുസ്‌വേന്ദ്ര ചാഹലിന് തന്‍റെ നാലാം ഓവര്‍ നല്‍കാത്തതാണ്. ഗുജറാത്തിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് തിളങ്ങുമ്പോള്‍ പരിശീലകനെന്ന നിലയില്‍ ആശിഷ് നെഹ്‌റയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിന്‍റെ കാര്യത്തില്‍ അതു നല്‍കേണ്ട പരിശീലകന്‍ അല്ലെങ്കില്‍ വ്യക്തി രാഹുൽ ദ്രാവിഡ് ആണ്. അദ്ദേഹത്തിന് അതിന് കഴിയുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്‍റെ മനസില്‍ ഓരോ പന്തിലും ഇടപെടാനാവുന്ന ഒരു പരിശീലകനെയാണ് ഇന്ത്യയ്‌ക്ക് വേണ്ടത്. ഹാർദിക് പാണ്ഡ്യയില്‍ ആ സ്പാർക്ക് ഉണ്ട്, പക്ഷേ അവന് പിന്തുണ ആവശ്യമാണ്, എന്നെ സംബന്ധിച്ച് രാഹുൽ ദ്രാവിഡ് അതു നൽകുന്നില്ല"- പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.
ടി20 ഫോര്‍മാറ്റിലെ ഓരോ തീരുമാനവും ഏറെ നിര്‍ണായകമാണെന്നും പാര്‍ഥീവ് പട്ടേല്‍ ഓര്‍മ്മിപ്പിച്ചു. "നോക്കൂ, ടി20 ഫോർമാറ്റില്‍ മത്സരങ്ങള്‍ വളരെ പെട്ടെന്നാണ് മാറി മറിയുക. അതിനാല്‍ ഓരോ തീരുമാനങ്ങളും നിര്‍ണായമാണ്. രണ്ടാം ടി20യില്‍ ഹാർദിക് പാണ്ഡ്യ ചാഹലിന് ആ ഓവർ നൽകില്ല. അതോടെ തന്‍റെ നാല് ഓവര്‍ ക്വാട്ട പൂർത്തിയാക്കാനും ചാഹലിന് കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം ഹാര്‍ദിക്കിന്‍റെ ആ തീരുമാനം വെസ്റ്റ് ഇൻഡീസിന് അനുകൂലമാവുകയും കളിയെ മാറ്റിമറിയ്‌ക്കുന്നതുമായിരുന്നു"- പാര്‍ഥീവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: Rohit Sharma | 'വെറുതെ വിവാദത്തിനില്ല, അവരെല്ലാം മികച്ചവർ തന്നെ': പാക് ബൗളർമാരെ കുറിച്ച് രോഹിത് ശർമ