ന്യൂഡല്‍ഹി: ട്വിറ്ററിൽ 50 ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്‌സാണ് കോലിക്കുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ക്രിക്കറ്ററും മൂന്നാമത്തെ കായിക താരവുമാണ് 33കാരനായ കോലി.
ക്രിസ്റ്റ്യാനോ റൊണാൾഡോ (450 ദശലക്ഷം ), ലയണൽ മെസി (333 ദശലക്ഷം) എന്നിവരാണ് ഈ പട്ടികയില്‍ കോലിക്ക് മുന്നിലുള്ളത്. ഫേസ്ബുക്കിൽ 49 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും കോലിക്കുണ്ട്. അതേസമയം മോശം ഫോമിനാല്‍ വലഞ്ഞിരുന്ന താരം അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.
സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി താരം തിളങ്ങി. വെറും 61 പന്തില്‍ 122 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നിരുന്നു. 12 ഫോറുകളും ആറ് സിക്‌സുകളുമാണ് കോലിയുടെ ഇന്നിങ്‌സിന് തിളക്കമേകിയത്. മൂന്നക്കം തൊടാനുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പാണ് ഈ മത്സരത്തില്‍ താരം ആവസാനിപ്പിച്ചത്.
ടി20 ഫോര്‍മാറ്റില്‍ കോലിയുടെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നുവിത്. ടൂര്‍ണമെന്‍റില്‍ ആകെ അഞ്ച് മത്സരങ്ങളില്‍ 147.59 സ്ട്രൈക്ക് റേറ്റില്‍ 276 റണ്‍സാണ് താരം അടിച്ചെടുത്തത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും കോലിക്ക് കഴിഞ്ഞു.