ജയ്‌പൂർ : വിജയ് ഹസാരെ ട്രോഫിയിലെ കലാശപ്പോരിൽ ഹിമാചൽ പ്രദേശ് തമിഴ്‌നാടിനെ നേരിടും. സർവീസസിനെ 77 റണ്‍സിന് തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ എത്തിയപ്പോൾ സൗരാഷ്‌ട്രക്കെതിരെ അവസാന ഓവറിൽ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് തമിഴ്‌നാട് കലാശപ്പോരിനുള്ള യോഗ്യത നേടിയത്. ഞായറാഴ്‌ചയാണ് ഫൈനൽ.
കരുത്തരായ സർവീസസിനെതിരെ വമ്പൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഹിമാചൽ പ്രദേശ് ഫൈനലിനിറങ്ങുന്നത്. കേരളത്തെ സെമിയിൽ തകര്‍ത്ത സർവീസസിന് പക്ഷേ ഹിമാചലിനെതിരെ ആ പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ റിഷി ധവാന്‍റെയും, ചോപ്രയുടേയും ബാറ്റിങ് മികവിൽ 281 റണ്‍സ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സർവീസസ് 204 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.
മറുവശത്ത് സൗരാഷ്‌ട്രക്കെതിരെ അവസാന ഓവറിൽ അനായാസ വിജയം സ്വന്തമാക്കിയാണ് തമിഴ്‌നാട് എത്തുന്നത്. സൗരാഷ്‌ട്രയുടെ 311 റണ്‍സെന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്‌നാട് അവസാന പന്തിൽ ബൗണ്ടറി നേടിയാണ് വിജയം പിടിച്ചെടുത്തത്. ബാബാ അപരാജിതിന്‍റെ സെഞ്ച്വറിയും, വാഷിങ്ടണ്‍ സുന്ദറിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് തമിഴ്‌നാടിന് വിജയമൊരുക്കിയത്.
ALSO READ: IND vs SA : ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ; സെഞ്ചൂറിയനിലും അഞ്ച് ബൗളര്‍മാര്‍?
ഈ സീസണിന്‍റെ തുടക്കത്തിൽ സയ്യിദ് മുഷ്‌താഖ് അലി ട്രോഫി നേടിയ തമിഴ്‌നാട് വിജയ് ഹസാരെ കപ്പും നേടി ഇരട്ടവിജയം ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. ഓൾ റൗണ്ട് പ്രകടനമാണ് ടീമിന്‍റെ മുതൽക്കൂട്ട്. ഓപ്പണർ ബാബാ അപരാജിത്, ക്യാപ്‌റ്റൻ വിജയ് ശങ്കർ, സീനിയർ താരം ദിനേഷ് കാർത്തിക്ക്, വാഷിങ്ടണ്‍ സുന്ദർ എന്നിവരുടെ മികച്ച ഫോമും ടീമിന് കരുത്തുപകരുന്നു.
അതേസമയം നായകൻ ഋഷി ധവാൻ തന്നെയാണ് ഹിമാചലിന്‍റെ തുറുപ്പുചീട്ട്. പ്രശാന്ത് ചോപ്രയും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. കൂടാതെ ശുഭം അറോറ, ദ്വിഗ്വിജയ് രംഗി, അമിത് കുമാർ, ആകാശ് വസിഷ്‌ഠ് എന്നീ താരങ്ങളും ഫോമിലേക്കുയർന്നാൽ ഹിമാചൽ ടീം ശക്തിയാര്‍ജിക്കും.