ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍ ലീഗിന്‍റെ (UEFA Champions League) പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും (manchester united) ചെല്‍സിയും (chelsea). ഗ്രൂപ്പ് എഫില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെയും (villarreal fc), ഗ്രൂപ്പ് എച്ചില്‍ ചെല്‍സി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് യുവന്‍റസിനെയും (juventus) തകര്‍ത്തു. അതേസമയം ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ (FC Barcelona) ബെന്‍ഫിക്കയ്‌ക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയത് തിരിച്ചടിയായി.
എതിരില്ലാതെ യുണൈറ്റഡ്
ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡ് വിയ്യാറയലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. പരിശീലകനായിരുന്ന ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറെ പുറത്താക്കിയതിന് പിന്നാലെ ചുമതലയേറ്റ മൈക്കിള്‍ കാരിക്കിന്‍റെ കീഴിലാണ് യുണൈറ്റഡ് ഇറങ്ങിയിരുന്നത്.
ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം യുണൈറ്റഡിനായി 78ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (cristiano ronaldo) ആദ്യം ലക്ഷ്യം കണ്ടത്. വിയ്യാറയല്‍ ഗോള്‍കീപ്പര്‍ റൂളിയുടെ തലയ്‌ക്ക് മുകളിലൂടെയാണ് ക്രിസ്റ്റ്യാനോ പന്ത് വലയിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗിലെ അഞ്ച് മത്സരങ്ങളില്‍ നിന്നായി താരത്തിന്‍റെ ആറാം ഗോളാണിത്. തുടര്‍ന്ന് 90ാം മിനുട്ടില്‍ ജേഡന്‍ സാഞ്ചോ ടീമിന്‍റെ ലീഡുയര്‍ത്തി.
താരത്തിന്‍റെ കരുത്തന്‍ കിക്ക് വലകുലുക്കുകയായിരുന്നു. യുണൈറ്റഡിനായി സാഞ്ചോയുടെ ആദ്യ ഗോള്‍ കൂടിയാണിത്. മത്സരത്തിലെ വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് 10 പോയന്റുമായാണ് യുണൈറ്റഡ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മൂന്ന് വിജയങ്ങളും ഓരോ തോല്‍വിയും സമനിലയുമാണ് ടീമിന്‍റെ പട്ടികയിലുള്ളത്. ഏഴ് പോയിന്‍റുള്ള വിയ്യാറയലാണ് രണ്ടാം സ്ഥാനത്ത്.
യുവന്‍റസിനോട് പകരം വീട്ടി ചെല്‍സി
ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ആദ്യ പാദത്തിലെ തോല്‍വിക്ക് ചെല്‍സി യുവന്‍റസിനോട് പകരം വീട്ടി. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് നീലപ്പട വിജയം പിടിച്ചത്. മത്സരത്തിന്‍റെ അദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ചെല്‍സി ഫൈനല്‍ വിസിലിന് തൊട്ട് മുമ്പാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
25ാം മിനുട്ടില്‍ ട്രെവോ ഷാലോബയിലൂടെയാണ് ചെല്‍സി ഗോളടി തുടങ്ങിയത്. തുടര്‍ന്ന് 55ാം മിനുട്ടില്‍ റീസ് ജെയിംസും 58ാം മിനുട്ടില്‍ ക്യാലം ഹഡ്‌സണ്‍ ഒഡോയും 95ാം മിനുട്ടില്‍ തിമോ വെര്‍ണറും ലക്ഷ്യം കണ്ടു.
മത്സരത്തില്‍ 55 ശതമാനവും പന്ത് കൈവശംവച്ച ചെല്‍സി എട്ട് ശ്രമങ്ങളാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് നടത്തിയത്. യുവന്‍റസ് രണ്ട് ശ്രമങ്ങളില്‍ അവസാനിച്ചു. യുവന്‍റസ് നേരത്തേ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. ഇരു സംഘങ്ങള്‍ക്കും അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് ജയത്തോടെ 12 പോയിന്‍റാണുള്ളത്.
ഡൈനാമോ കീവിനെതിരെ ബയേണിന്‍റെ മുന്നേറ്റം
ഗ്രൂപ്പ് ഇയില്‍ ഡൈനാമോ കീവിനെ കീഴടക്കി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബയേണിന്‍റെ വിജയം. ആദ്യ പകുതിയിലാണ് ബയേണിന്‍റെ പട്ടികയിലെ രണ്ടുഗോളും പിറന്നത്.
14ാം മിനുട്ടില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും, 42ാം മിനുട്ടില്‍ കിങ്സ്ലി കോമാനുമാണ് ലക്ഷ്യം കണ്ടത്. 70ാം മിനുട്ടില്‍ ഡെനിസ് ഹര്‍മാഷ് കീവിന്റെ ആശ്വാസ ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ബയേണിന്‍റേത്. 15 പോയിന്‍റുള്ള സംഘം നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.
ബെന്‍ഫിക്കയ്‌ക്കെതിരെ സമനില; ബാഴ്‌സക്ക് മുന്നേറ്റം കടുപ്പം
പുതിയ പരിശീലകന്‍ സാവിക്ക് കീഴില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയെ ബെന്‍ഫിക്ക സമനിലയില്‍ കുരുക്കി. ഇരു സംഘത്തിനും ഗോള്‍ കണ്ടെത്താനായില്ല. 66 ശതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്താന്‍ ബാഴ്‌സയ്‌ക്കായെങ്കിലും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്‌ടിക്കാനാവാത്തത് തിരിച്ചടിയായി.
മൂന്ന് വീതം ശ്രമങ്ങളാണ് ഇരുസംഘങ്ങളും ലക്ഷ്യത്തിലേക്ക് നടത്തിയത്. ആദ്യപാദ മത്സരത്തില്‍ ബെന്‍ഫിക്ക ബാഴ്‌സയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ബാഴ്‌സയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം പരുങ്ങലിലായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമുള്ള ബാഴ്‌സ ഏഴ് പോയിന്‍റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബയേണാണ് ടീമിന്‍റെ എതിരാളി.