ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബൗളര്‍മാരുടെ പട്ടികയിലും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാവും നിലനിര്‍ത്തിയിട്ടുണ്ട്.
ബാറ്റര്‍മാരുടെ പട്ടികയില്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തും വിരാട് കോലി ഏഴാം സ്ഥാനത്തും തുടരുകയാണ്. 797 റേറ്റിങ് പോയിന്‍റാണ് രോഹിത്തിനുള്ളത്. കോലിക്ക് 756 പോയിന്‍റാണ്.
ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസീസിന്‍റെ മാർനസ് ലബുഷെയ്‌നാണ് (915 പോയിന്‍റ്) ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (900), ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ (879), ഓസീസിന്‍റെ സ്‌റ്റീവ് സ്‌മിത്ത് (877) എന്നിവരാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍.
രോഹിത്, ഡേവിഡ് വാർണർ, കോലി, ദിമുത് കരുണരത്‌നെ, ബാബർ അസം, ട്രാവിസ് ഹെഡ് എന്നിങ്ങനെയാണ് ആദ്യ പത്തിലെ മറ്റു താരങ്ങളുടെ സ്ഥാനം.
ബൗളര്‍മാരില്‍ 883 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുള്ള അശ്വിന്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പാക് പേസര്‍ ഷഹീന്‍ അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത്.
കിവീസ് പേസര്‍ ടിം സൗത്തി, ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് അദ്യ അഞ്ചിലുള്‍പ്പെട്ട മറ്റ് താരങ്ങള്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആന്‍ഡേഴ്‌സണ്‍ അഞ്ചാം സ്ഥാനത്തെത്തിയത്.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മിന്നിയ ഓസീസിന്‍റെ സ്‌കോട്ട് ബോലാന്‍ഡും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. 271 പോയിന്‍റോടെ 74ാം സ്ഥാനത്താണ് ബോലാന്‍ഡുള്ളത്. ആഷസിലെ ബോക്‌സിങ് ഡേ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്‌ത്തിയ താരത്തിന്‍റെ മികവില്‍ ഓസീസ് ഇന്നിങ്സിനും 14 റണ്‍സിനും വിജയിച്ചിരുന്നു.
also read: 'എംസിജിയില്‍ ഇന്‍ഡിയുടെ ആദ്യ ഷോട്ട്'; സന്തോഷം പങ്കിട്ട് വാര്‍ണര്‍
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ വിന്‍ഡീസ് താരം ജാസണ്‍ ഹോള്‍ഡര്‍, അശ്വിന്‍, ജഡേജ, ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്‍ എന്നിവര്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ തുടരുകയാണ്.
ടീം റാങ്കിങ്ങില്‍ 124 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട മറ്റ് ടീമുകള്‍.