മുംബൈ: അണ്ടർ 19 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഐപിഎൽ താരലേലത്തിൽ പങ്കെടുക്കാൻ അനുമതി. ഇന്നലെ ചേർന്ന ബിസിസിഐയുടെ യോഗത്തിലാണ് യുവതാരങ്ങൾക്ക് അനുമതി നൽകിയത്. അണ്ടർ 19 ടീമിലെ 10 താരങ്ങളെക്കൂടി മെഗാലേലത്തിൽ ഉൾപ്പെടുത്തി. ഇതോടെ ലേലത്തിലെ താരങ്ങളുടെ ആകെ എണ്ണം 600 ആയി.
ഐപിഎല്ലിൽ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസാണ്. ലേലത്തിന് മുൻപ് 19 വയസ് പൂർത്തിയായാലേ ടൂർണമെന്‍റിന്‍റെ ഭാഗമാകാൻ സാധിക്കുകയുള്ളു. ഇതുമല്ലെങ്കിൽ ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ ലിസ്റ്റ് എ മത്സരമോ കളിച്ചിരിക്കണം. എന്നാൽ അണ്ടർ 19 താരങ്ങളാരും ഈ മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. ഈ നിയമമാണ് ലോകകപ്പ് താരങ്ങൾക്ക് വിലങ്ങു തടി ആയത്.
ALSO READ: ഇന്ത്യൻ പ്രീമിയർ ലീഗ്: മെഗാ ലേലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
പിന്നാലെ അണ്ടർ 19 ലോകകപ്പ് നേടിയ താരങ്ങളെയും ഐപിഎല്ലിൽ പങ്കെടുപ്പിക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ പ്രത്യേക യോഗം ചേർന്ന് 10 താരങ്ങളെ ലേലത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 12 മണി മുതലാണ് ലേലം ആരംഭിക്കുക.