മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം പതിപ്പിന് നാളെ അഹമ്മദാബാദില്‍ കൊടിയേറ്റം. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ് എതിരാളികള്‍. പത്ത് ടീമുകളാണ് ഇക്കുറി ഐഎപില്‍ പോരാട്ടങ്ങളില്‍ മല്ലടിക്കുന്നത്.
12 വേദികളിലായി 74 മത്സരങ്ങള്‍ ടൂര്‍ണമെന്‍റില്‍ നടക്കും. മെയ് 28ന് ആണ് കലാശപ്പോരാട്ടം. കൊവിഡ് ഇടവേളയ്‌ക്ക് ശേഷം പരമ്പരാഗത രീതിയില്‍ മത്സരങ്ങള്‍ ഹോം എവേ ഫോര്‍മാറ്റില്‍ നടത്തപ്പെടുന്നുവെന്നത് ഇക്കുറി ഐപിഎല്ലിന്‍റെ പ്രത്യേകതയാണ്. കൂടാതെ നിരവധി പുത്തന്‍ മാറ്റങ്ങളും ഐപിഎല്‍ പതിനാറാം സീസണിന്‍റെ മാറ്റ് കൂട്ടും.
ഗതിമാറ്റാന്‍ 'ഇംപാക്‌ട് പ്ലെയര്‍': ഇക്കുറി ഐപിഎല്ലില്‍ അവതരിപ്പിക്കാന്‍ പോകുന്ന നിയമമാണ് 'ഇംപാക്‌ട് പ്ലെയര്‍ റൂള്‍'. ഈ നിയമം അനുസരിച്ച് മത്സരങ്ങളില്‍ ഓരോ ടീമുകള്‍ക്കും കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു താരത്തെ മാറ്റി ഇറക്കാന്‍ സാധിക്കും. ടോസിന്‍റെ സമയത്ത് പകരക്കാരനായി ഇറക്കാന്‍ ഉദ്ദേശിക്കുന്ന നാല് താരങ്ങളുടെ പേരുകള്‍ ക്യാപ്‌റ്റന്‍മാര്‍ നല്‍കണം.
അവരില്‍ നിന്നും ഒരാളെ മാത്രമായിരിക്കും ഇംപാക്‌ട് പ്ലെയര്‍ ആയി കളിപ്പിക്കാന്‍ സാധിക്കുക. പതിനാല് ഓവറിന് മുന്‍പ് തന്നെ ഈ പകരക്കാരനെ ടീം കളത്തിലിറക്കിയിരിക്കണം. ഓവര്‍ പൂര്‍ത്തിയാകുന്ന സമയത്തോ അല്ലെങ്കില്‍ വിക്കറ്റ് വീഴുന്ന ഘട്ടത്തിലോ ആയിരിക്കണം ഇംപാക്‌ട് പ്ലെയറെ ഇറക്കേണ്ടത്.
സയിദ് മുഷ്‌താഖ് അലി ട്രോഫിയിലെ പരീക്ഷണത്തിന് ശേഷമാണ് ഈ നിയമം ഐപിഎല്ലിലേക്ക് കൊണ്ടുവരുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ 'എക്‌സ് ഫാക്‌ടര്‍ പ്ലെയര്‍' എന്ന പേരിലാണ് ഈ രീതി ഉപയോഗിച്ചത്.
പ്ലെയിങ് ഇലവന്‍ ടോസിന് ശേഷം : ടോസിന് മുന്‍പ് പ്ലെയിങ് ഇലവന്‍ ക്യാപ്‌റ്റന്മാര്‍ പരസ്‌പരം കൈമാറുന്ന രീതിയാണ് ഐപിഎല്ലില്‍ ഇതുവരെ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്രാവശ്യം ഈ രീതിയിലും മാറ്റം വരുന്നുണ്ട്. ഇക്കുറി ടോസിനെത്തുമ്പോള്‍ ടീം ക്യപ്‌റ്റന്മാര്‍ക്ക് രണ്ട് പ്ലെയിങ് ഇലവനുകള്‍ കൈവശം കരുതാന്‍ കഴിയും. ടോസിന് ശേഷം, ബാറ്റിങ്ങാണോ, ബോളിങ്ങാണോ തങ്ങള്‍ ആദ്യം ചെയ്യുന്നത് എന്നനുസരിച്ച് ഇതില്‍ നിന്നും ടീമുകള്‍ക്ക് അന്തിമ ഇലവനെ തെരഞ്ഞെടുക്കാം. ഇംപാക്‌ട് പ്ലെയറെ തീരുമാനിക്കുന്നതും ഈ സമയത്തായിരിക്കും. പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലാണ് ഈ രീതി ആദ്യമായി അവതരിപ്പിച്ചത്.
'ഡിആര്‍എസ്' വൈഡും നോബോളും പരിശോധിക്കും : വിക്കറ്റുകള്‍ പുനപ്പരിശോധിക്കുന്നതിന് വേണ്ടിയാണ് നേരത്തെ ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഐപിഎല്ലിന്‍റെ പുത്തന്‍ പതിപ്പില്‍ ഇത് ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍ അനുവദിക്കുന്ന നോ ബോള്‍, വൈഡ് എന്നിവ പരിശോധിക്കുന്നതിന് വേണ്ടിയും ഉപയോഗിക്കാന്‍ സാധിക്കും. ഈ രീതി അടുത്തിടെ അവസാനിച്ച വനിത പ്രീമിയര്‍ ലീഗിലാണ് ആദ്യം പ്രാവര്‍ത്തികമാക്കിയത്.
ഓരോ ടീമിനും പതിനാല് മത്സരം : പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ നടക്കുന്നത്. ഒരേ ഗ്രൂപ്പില്‍പ്പെട്ട ടീമുകള്‍ പരസ്‌പരം ഓരോ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഓരോ ടീമുകളും എതിര്‍ ഗ്രൂപ്പിലെ അഞ്ച് ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് മുന്നേറുന്നത്.
Also Read: 'കുറച്ച് സീസണുകള്‍ കൂടി കളിക്കാന്‍ അദ്ദേഹം ഫിറ്റാണ്': ധോണിയുടെ ഐപിഎല്‍ വിരമിക്കലില്‍ രോഹിത് ശര്‍മ
പ്ലേ ഓഫിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒന്നാം ക്വാളിഫയറിലും മൂന്ന്, നാല് സ്ഥാനക്കാര്‍ എലിമിനേറ്ററിലും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കുമ്പോള്‍ തോല്‍ക്കുന്ന ടീം എലിമിനേറ്ററിലെ വിജയികളുമായി രണ്ടാം ക്വാളിഫയര്‍ കളിക്കും. ഇതിലെ വിജയികള്‍ ഫൈനലിലേക്ക് മുന്നേറും.