മെല്‍ബണ്‍ : ടി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്‌ക്കായി വിരാട് കോലി നടത്തിയത്. ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. മത്സരത്തില്‍ 40 പന്തില്‍ 50 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഇതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 200 തവണ അന്‍പതില്‍ (50+) കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും കോലിക്ക് കഴിഞ്ഞു. 533 ഇന്നിങ്‌സുകളില്‍ നിന്നും നിലവില്‍ 200 തവണ അന്‍പതിലേറെ റണ്‍സ് നേടിയ കോലി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
782 ഇന്നിങ്‌സുകളില്‍ നിന്നും 264 തവണയാണ് സച്ചിന്‍ അന്‍പതിലേറെ റണ്‍സ് നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ താരം റിക്കി പോണ്ടിങ് (668 ഇന്നിങ്‌സുകളില്‍ 217 തവണ), ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സംഗക്കാര (666 ഇന്നിങ്‌സുകളില്‍ 216 തവണ), പ്രോട്ടീസിന്‍റെ മുന്‍ താരം ജാക്ക് കാലിസ് (617 ഇന്നിങ്‌സുകളില്‍ 211 തവണ) എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുള്ളത്.
അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയ ലക്ഷ്യം 15.5 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ 170 റണ്‍സെടുത്താണ് ഇംഗ്ലണ്ട് മറികടന്നത്.