ലാഹോര്‍: ടി20 ലോകകപ്പ് ഫൈനലിലേക്ക് പാകിസ്ഥാനെ നയിക്കാന്‍ കഴിഞ്ഞെങ്കിലും വ്യക്തിഗതമായി മികച്ച പ്രകടനം നടത്താന്‍ പാക് നായകന്‍ ബാബര്‍ അസമിന് കഴിഞ്ഞിരുന്നില്ല. ടൂര്‍ണമെന്‍റിലാകെ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ബാബര്‍ അസമിന് നേടാന്‍ കഴിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചുവെങ്കിലും ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ താരത്തിന് അടിപതറുകയായിരുന്നു.
ഇപ്പോഴിതാ കൂടുതല്‍ മികച്ച ഇന്നിങ്‌സുകള്‍ക്കായി ബാബര്‍ തന്‍റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്. ഗൂഗ്ലി കളിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ ബാബര്‍ തയ്യാറാവണമെന്നും ഷൊയ്ബ് മാലിക് പറഞ്ഞു.
"ക്രീസില്‍ ഉറച്ച് നിന്ന് ഒരു പക്ഷെ പേസര്‍മാരെ നേരിടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മികച്ച ഫൂട്‌വര്‍ക്കില്ലെങ്കില്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് റാഷിദ് ലെഗ് സ്‌പിന്‍ എറിയുമെന്ന് കണക്കുകൂട്ടിയ ബാബര്‍ ഇത് കവറിലേക്ക് കളിക്കാനാണ് തയ്യാറെടുത്തിരുന്നത്. പക്ഷേ അതൊരു ഗൂഗ്ലി ആയതിനാൽ പുറത്തുപോകുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല", ഷൊയ്ബ് മാലിക് പറഞ്ഞു.
ടി20 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 17.71 ശരാശരിയോടെ വെറും 124 റണ്‍സ് മാത്രമാണ് ബാബറിന് നേടാന്‍ കഴിഞ്ഞത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 138 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം കിരീടമാണിത്. നേരത്തെ 2010ലും ഇംഗ്ലണ്ട് ചാമ്പ്യന്മാരായിരുന്നു.