സിഡ്നി: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് 153 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തത്. ഡാരില്‍ മിച്ചലിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് കിവീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
35 പന്തില്‍ 53 റണ്‍സെടുത്ത മിച്ചല്‍ പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (42 പന്തില്‍ 46) ഡെവോണ്‍ കോണ്‍വെ (20 പന്തില്‍ 21) എന്നിവരാണ് ടീമിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ആഗ്രഹിച്ച തുടക്കമായിരുന്നില്ല കിവീസിന് ലഭിച്ചത്.
എട്ട് ഓവറില്‍ 49 റണ്‍സിന് മൂന്ന് വിക്കറ്റാണ് സംഘത്തിന് നഷ്ടമായത്. ഫിന് അലന് (4), ഡെവോണ്‍ കോണ്‍വെ (21), ഗ്ലെന്‍ ഫിലിപ്സ് (6) എന്നിവരാണ് നിരാശപ്പെടുത്തിയത്. തുടര്‍ന്ന് ഒന്നിച്ച വില്യംസണും മിച്ചലും ചേര്‍ന്നാണ് കിവീസിനെ ട്രാക്കിലാക്കിയത്.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 68 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. വില്യംസണിന്റെ കുറ്റി തെറിപ്പിച്ച് ഷഹീന് ഷാ അഫ്രീദിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മിച്ചലിനൊപ്പം ജെയിംസ് നീഷാമും പുറത്താവാതെ നിന്നു. 12 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്.
പാകിസ്ഥാനായി ഷഹീന് ഷാ അഫ്രീദി നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസ് ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.