ലാഹോര്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ലെന്ന് പാക് മുന്‍ താരം ഡാനിഷ് കനേരിയ. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ അശ്വിന് കഴിയില്ല. ഓഫ് സ്‌പിന്നറാണെങ്കിലും ഓഫ് സ്‌പിന്‍ മാത്രം എറിയാന്‍ അറിയാത്ത ബോളറാണ് അശ്വിനെന്നും കനേരിയ വിമര്‍ശിച്ചു.
അശ്വിന്‍ ടെസ്റ്റില്‍ മാത്രം തുടരുന്നതാണ് നല്ലതെന്നും പാക് മുന്‍ താരം അഭിപ്രായപ്പെട്ടു. "വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ അശ്വിനെ ടെസ്റ്റില്‍ മാത്രം കളിപ്പിച്ച തീരുമാനം ശരിയായിരുന്നു. ടി20 ക്രിക്കറ്റ് അശ്വിന് യോജിച്ചതല്ല.
ഓഫ് സ്‌പിന്നറാണെങ്കിലും ഓഫ് സ്‌പിന്‍ മാത്രം എറിയാന്‍ അറിയാത്ത ഓഫ് സ്‌പിന്നറാണ് അശ്വിന്‍" കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. അതേസമയം ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പുറത്തായിരുന്നു.
ഇന്ത്യയ്‌ക്കായി എല്ലാ മത്സരവും കളിച്ചുവെങ്കിലും കാര്യമായ സ്വാധീനം ചെലുത്താന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങളില്‍ നിന്നും ആകെ 21 റണ്‍സും ആറ് വിക്കറ്റും മാത്രമാണ് താരം നേടിയത്. നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വീഴ്‌ത്തുകയെന്ന തന്‍റെ പ്രാഥമിക കര്‍ത്തവ്യം നിർവഹിക്കുന്നതിൽ താരം പരാജയപ്പെട്ടുവെന്നാണ് പൊതുവെ വിലയിരുത്തല്‍.
Also read: 'സൂര്യയുടെ റേഞ്ച് വേറെ' ; ടി20 ക്രിക്കറ്റിൽ താരം വിപ്ലവം സൃഷ്ടിക്കുമെന്ന് സഞ്ജയ് ബംഗാർ