ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോട് വിജയിച്ചതിന് പിന്നാലെ ഐസിസിക്കെതിരെ പാക് മുന്‍ താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഐസിസി ഇന്ത്യയോട് പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു അഫ്രീദിയുടെ ആരോപണം. മഴ കളിച്ച മത്സരത്തില്‍ ഇന്ത്യക്ക് അനുകൂലമായ തീരുമാനങ്ങളാണ് അമ്പയര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായത്.
നനഞ്ഞ ഗ്രൗണ്ടായിട്ടും കളി വേഗത്തിൽ പുനരാരംഭിച്ചത് ഇന്ത്യയുടെ സമ്മർദത്തെ തുടര്‍ന്നായിരുന്നുവെന്നും അഫ്രീദി പറഞ്ഞിരുന്നു. ഇപ്പോഴിതാ പാക് മുന്‍ താരത്തിന്‍റെ ഈ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി. അഫ്രീദി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്ന് റോജര്‍ ബിന്നി പറഞ്ഞു.
"ഐസിസി ഞങ്ങൾക്ക് അനുകൂലമാണെന്ന് ഞാൻ കരുതുന്നില്ല. എല്ലാവരെയും ഒരുപോലെയാണ് പരിഗണിക്കുന്നത്. മറ്റ് ടീമുകളിൽ നിന്നും ഞങ്ങള്‍ക്ക് എന്താണ് വ്യത്യസ്‌തമായി ലഭിക്കുന്നത്. ക്രിക്കറ്റിൽ ഇന്ത്യ ഒരു വലിയ ശക്തികേന്ദ്രമാണ്. എന്നാൽ എല്ലാവര്‍ക്കുമുള്ള പരിഗണന തന്നെയാണ് ഞങ്ങള്‍ക്കും ലഭിക്കുന്നത്", റോജര്‍ ബിന്നി പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍റെ സെമി ഫൈനല്‍ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റിരുന്നു. സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അഞ്ച് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടരുന്നതിനിടെ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ ഏഴ് ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 66 റണ്‍സ് എന്ന നിലയിലായിരുന്നു. ഇടയ്‌ക്ക് മഴ കളിച്ചതോടെ ലക്ഷ്യം 16 ഓവറിൽ 151 റൺസ് ആക്കി പുതുക്കി നിശ്ചയിച്ചു. എന്നാൽ നിശ്ചിത ഓവറിൽ 145 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ.
വിജയത്തോടെ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്ക് കയറിയപ്പോള്‍ പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് ഇന്ത്യയ്‌ക്കുള്ളത്. അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. നാല് പോയിന്‍റുള്ള പാകിസ്ഥാന്‍ മൂന്നാമതാണ്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകളാണ് സെമിയിലെത്തുക.
also read: ക്രിക്കറ്റിന്‍റെ 'ഗോട്ട്' ആണോ?"; ചോദ്യത്തിന് ഉത്തരം നല്‍കി വിരാട് കോലി-വീഡിയോ