ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയ ഇതിഹാസ നായകന്‍...സ്വദേശത്തും വിദേശത്തും ടീമിന് ജയിക്കാനുള്ള തന്ത്രങ്ങള്‍ പഠിപ്പിച്ച ക്യാപ്‌റ്റന്‍...ക്യാപ്‌റ്റന്‍ എന്നതിലുപരി ബാറ്റുകൊണ്ടും മികവ് പുലര്‍ത്തിയ സൗരവ് ഗാംഗുലി ഇന്ന് 51-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ബംഗാള്‍ കടുവ, കൊല്‍ക്കത്തയുടെ രാജകുമാരന്‍, ഓഫ്‌സൈഡ് ദൈവം എന്നിങ്ങനെയുള്ള വിളിപ്പേരുകളുണ്ടെങ്കിലും ഗാംഗുലി ആരാധകര്‍ക്ക് എന്നും അവരുടെ പ്രിയപ്പെട്ട 'ദാദ'യാണ്. ഒന്നരപതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയര്‍, ബാറ്റുകൊണ്ട് വിസ്‌മയം തീര്‍ത്ത ദാദ നായക വേഷത്തില്‍ പലപ്പോഴും ഇന്ത്യയുടെ രക്ഷകനായും അവതരിച്ചു.
1992ല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തിലൂടെ ആയിരുന്നു രാജ്യാന്തര ക്രിക്കറ്റിലേക്ക് സൗരവ് ഗാംഗുലി എന്ന പതിനെട്ടുകാരന്‍റെ അരങ്ങേറ്റം. ഏകദിന അരങ്ങേറ്റത്തില്‍ മികവ് കാട്ടാന്‍ ആ പയ്യന് അന്ന് സാധിച്ചില്ല. ആദ്യ മത്സരത്തില്‍ 13 പന്ത് നേരിട്ട സൗരവ് ഗാംഗുലിക്ക് മൂന്ന് റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.
ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി നാല് വര്‍ഷം പിന്നിട്ട ശേഷമാണ് ഗാംഗുലിക്ക് ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സി അണിയാന്‍ ഭാഗ്യം ലഭിക്കുന്നത്. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ നേരിട്ടാണ് അദ്ദേഹം ടെസ്റ്റ് കരിയര്‍ തുടങ്ങിയത്. ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടി അയാള്‍ ലോകക്രിക്കറ്റിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു.
ക്രിസ് ലൂയിസ്, ഡൊമിനിക്ക് കോർക്ക്, അലൻ മുല്ലാലി എന്നീ കരുത്തന്മാരടങ്ങിയ ബൗളിങ് നിരയ്‌ക്കെതരെ ഗാംഗുലി ലോര്‍ഡ്‌സില്‍ നിറഞ്ഞാടി. ആദ്യ ടെസ്റ്റ് മത്സരത്തിന് വേണ്ടി ക്രീസിലേക്കെത്തിയ സൗരവ് ഗാംഗുലിയെ ഇറങ്ങിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ അലക്‌സ് സ്റ്റുവര്‍ട്ടിന്‍റെ പ്രകോപനപരമായ വാക്കുകളാണ് വരവേറ്റത്. അതിന്, ആദ്യ പന്ത് നേരിടുന്നതിന് മുന്‍പ് തന്നെ ആ 24കാരന്‍ മറുപടിയും നല്‍കി.
'നിങ്ങള്‍, ഇംഗ്ലണ്ടിനായി ഇതിനോടകം തന്നെ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇത്, ഇന്ത്യയ്‌ക്ക് വേണ്ടിയുള്ള എന്‍റെ ടെസ്റ്റ് അരങ്ങേറ്റ മത്സരമാണ്. അതുകൊണ്ട്, അത് എന്നെ നന്നായി ചെയ്യാന്‍ അനുവദിക്കൂ...' എന്ന മറുപടി നല്‍കി കൊണ്ട് ഗാംഗുലി തന്‍റെ ഇന്നിങ്‌സ് തുടങ്ങി. 20 ബൗണ്ടറികളടങ്ങിയ ഇന്നിങ്‌സില്‍ അക്ഷരാര്‍ഥത്തില്‍ ബാറ്റിങ് വിരുന്നാക്കിയ ശേഷമാണ് സെഞ്ച്വറി നേടിയ ദാദ ലോര്‍ഡ്‌സ് കളിമുറ്റം വിട്ടത്.
നായകവേഷമണിഞ്ഞ ദാദ: ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ 2000ത്തിലാണ് സൗരവ് ഗാംഗുലി ടീമിന്‍റെ നായകസ്ഥാനമേറ്റെടുക്കുന്നത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ ഒരു ഇന്ത്യന്‍ ടീമിനെ ഗാംഗുലി വളര്‍ത്തിയെടുത്തു. സഹതാരങ്ങളുടെ ദാദയ്‌ക്ക് കീഴില്‍ ഇന്ത്യ സ്വദേശത്തും വിദേശത്തും ജയങ്ങള്‍ നേടി.
വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, എംഎസ് ധോണി എന്നിവരെല്ലാം ദാദയ്‌ക്ക് കീഴില്‍ ഇന്ത്യക്ക് വേണ്ടി കയ്യും മെയ്യും മറന്ന് പോരാടി. ഐസിസി ടൂര്‍ണമെന്‍റുകളിലും ഇന്ത്യ കുതിപ്പ് നടത്തി.
ലോര്‍ഡ്‌സിലെ ഐതിഹാസിക വിജയാഘോഷം: 2002 ജൂലൈ 13, ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ഒരു ദിനം. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇന്ത്യ - ഇംഗ്ലണ്ട് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനല്‍.
ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 326 എന്ന അക്കാലത്തെ കൂറ്റന്‍ വിജയലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യക്ക് മുന്നിലേക്ക് വച്ചത്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മത്സരം അവസാന ഓവറിലേക്കുമെത്തി. ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫായിരുന്നു മത്സരത്തിന്‍റെ അവസാന ഓവര്‍ പന്തെറിഞ്ഞത്.
ഓവറിലെ മൂന്നാം പന്ത് കവര്‍ പോയിന്‍റിലേക്ക് തട്ടിയിട്ട് സഹീര്‍ ഖാന്‍ സാഹസികമായൊരു റണ്‍സിനായി ഓടുന്നു. പിന്നാലെ, ഓവര്‍ ത്രോ ആയ പന്തില്‍ ഒരു റണ്‍ കൂടി ഓടിയെടുത്ത് സഹീറും കൈഫും ചേര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഈ സമയം, ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ തന്‍റെ ജഴ്‌സി ഊരി വീശിക്കൊണ്ടായിരുന്നു ദാദ ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. കാലം കാത്തുവെച്ച ഒരു കാവ്യനീതി കൂടിയായിരുന്നു ഗാംഗുലിക്ക് ആ ഐതിഹാസിക ആഘോഷം.
കളിക്കളത്തിന് പുറത്തേക്ക്: 2008ലാണ് സൗരവ് ഗാംഗുലി പാഡഴിക്കുന്നത്. ക്രിക്കറ്റ് കരിയറില്‍ 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 16 സെഞ്ച്വറിയോടെ 7212 റൺസും 311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11363 റൺസുമടിച്ചെടുക്കാന്‍ കൊല്‍ക്കത്തയുടെ രാജകുമാരന് സാധിച്ചിരുന്നു. തുടര്‍ന്ന് ക്രിക്കറ്റ് കമന്‍റേറ്ററുടെ വേഷവുമണിഞ്ഞു ഗാംഗുലി. 2015ല്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തലപ്പത്തും ഗാംഗുലി പുതിയ ഇന്നിങ്‌സ് ആരംഭിച്ചു. ആദ്യം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായും പിന്നീട് ബിസിസിഐ തലപ്പത്തും ഇന്ത്യന്‍ മുന്‍ നായകന്‍ സേവനമനുഷ്‌ഠിച്ചു. നിലവില്‍, ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഡയറക്‌ടറാണ് അദ്ദേഹം.