ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകത്തെ റാവൽപിണ്ടി എക്‌സ്‌പ്രസ് ഷുഹൈബ് അക്തർ തന്‍റെ ഓൾ ടൈം ഏകദിന ഇലവനെ തെരഞ്ഞെടുത്തു. ഒരുപാട് സര്‍പ്രൈസുകള്‍ നിറഞ്ഞ അക്തറിന്‍റെ പ്ലേയിങ് ഇലവനിൽ വിരാട് കോലിക്ക് സ്ഥാനമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ധോണി ടീമിൽ ഇടം നേടിയെങ്കിലും ഷെയ്ന്‍ വോണിനെ ക്യാപ്റ്റനാക്കി എന്നതാണ് മറ്റൊരു പ്രത്യേകത.
പാകിസ്ഥാൻ കളിക്കാർക്ക് മുൻഗണന നൽകുന്ന അക്തറിന്‍റെ ടീമിൽ ഓപ്പണർമാരായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഗോര്‍ഡന്‍ ഗ്രീനിഡ്‌ജിനെയാണ് തിരഞ്ഞെടുത്തത്. മുന്‍ പാകിസ്ഥാൻ നായകനായ ഇന്‍സമാം ഉല്‍ ഹഖാണ് മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്.
ALSO READ: കിഷന് പിറന്നാൾ അരങ്ങേറ്റം, കാത്തിരിപ്പ് തുടർന്ന് സഞ്ജു
നാലാം നമ്പറില്‍ പാകിസ്താന്‍റെ മുന്‍ നായകനും ഓപ്പണറുമായ സായീദ് അന്‍വറിനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ ക്യാപ്റ്റൻ കൂൾ എംഎസ് ധോണിയാണെയാണ് അക്തർ പരിഗണിച്ചത്. ടീമിന്‍റെ വിക്കറ്റ് കീപ്പറാക്കിയെങ്കിലും ഐ.സി.സിയുടെ എല്ലാ കിരീടങ്ങളും നേടിയിട്ടുള്ള ധോണിയെ നായകനായി അദ്ദേഹം പരിഗണിച്ചില്ല.
ആറാമനായി മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണ്. ഗിൽക്രിസ്റ്റിനെ പിൻതള്ളിയാണ് ധോണിക്ക് വിക്കറ്റ് കീപ്പർ സ്ഥാനം നൽകിയിട്ടുള്ളത്. ഏഴാം നമ്പറില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനെയും സ്പിൻ ഓള്‍റൗണ്ടറായി പരിഗണിച്ചു.
ബൗളിങ്ങ് നിരയിൽ പേസർമാരായ വസിം അക്രം, വഖാര്‍ യൂനിസ് എന്നിവരാണ് പ്രധാന താരങ്ങൾ. പേസ് ഓള്‍റൗണ്ടറായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനെയും ഉള്‍പ്പെടുത്തി. സ്പിന്നറായും ക്യാപ്റ്റനായും ഷെയ്ന്‍ വോണിനാണ് അക്തർ അവസരം നൽകിയത്.