മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അപൂര്‍വ റെക്കോഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ബാറ്റര്‍ ശിഖര്‍ ധവാന്‍. ഐപിഎല്ലില്‍ 700 ഫോറുകള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോഡാണ് ധവാന്‍ സ്വന്തം പേരിലാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ധവാന്‍റെ സുപ്രധാന നേട്ടം.
മത്സരത്തില്‍ രണ്ട് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 39 റണ്‍സെടുക്കാന്‍ ധവാന് കഴിഞ്ഞിരുന്നു. ഇതോടെ നിലവില്‍ ആകെ 701 ഐപിഎല്‍ ബൗണ്ടറികളാണ് താരത്തിന്‍റെ പേരിലുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ (577), റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റര്‍ വിരാട് കോലി (576), മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (519), ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മുന്‍ താരം സുരേഷ് റെയ്‌ന (506) എന്നിവരാണ് ധവാന് പിന്നിലുള്ളത്.
also read: IPL 2022: ഇത് സിക്‌സർ ഐപിഎല്‍, സീസണില്‍ പറന്നത് 1000 സിക്‌സറുകള്‍; എക്കാലത്തേയും റെക്കോഡ്
അതേസമയം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് പഞ്ചാബ് കിങ്‌സ് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 22 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ലിയാം ലിവിംഗ്‌സ്റ്റണാണ് പഞ്ചാബിന്‍റെ വിജയ ശില്‍പി.