സിഡ്‌നി: രാജ്യാന്തര മത്സരങ്ങളേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. രാജ്യത്തേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്ന താരങ്ങളെ ദേശീയ ടീമില്‍ കളിപ്പിക്കരുതെന്നാണ് വോണ്‍ പറയുന്നത്.
"കുടുംബത്തില്‍ നിന്നും വെറും ആറ് ആഴ്ചകള്‍ മാറി നിന്നാല്‍ ബില്ല്യന്‍ കണക്കിന് പണം ലഭിക്കുമെന്നാണ് പലരും പറയുന്നത്. പണത്തിന് മേല്‍ തീരുമാനമെടുക്കാന്‍ എളുപ്പമാണ്. ഇതാണ് പലരും രാജ്യത്തേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണ നല്‍കാന്‍ കാരണം" വോണ്‍ പറഞ്ഞു.
also read: ഐപിഎല്ലിന് പ്രാധാന്യം നൽകുന്ന കളിക്കാരുടെ നിലപാട് ഞെട്ടിക്കുന്നത്: ആരോൺ ഫിഞ്ച്
"ഒരു ക്രിക്കറ്ററെന്ന നിലയിൽ സ്വയം വിലമതിക്കുകയും മികച്ചവയ്‌ക്കെതിരെ സ്വയം പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, അത് ചെയ്യുന്നതിന് ഒരേയൊരു ഇടം മാത്രമേയുള്ളൂ, അതാണ് അന്താരാഷ്ട്ര ക്രിക്കറ്റ്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റ്" വോണ്‍ പറഞ്ഞു.
ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും പിന്മാറിയ താരങ്ങളള്‍ക്കെതിരെ നേരത്തെ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചും രംഗത്തെത്തിയിരുന്നു. വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും പിന്മാറിയ താരങ്ങള്‍ക്കെതിരെയാണ് ഫിഞ്ച് രംഗത്തെത്തിയിരുന്നത്. കളിക്കാരുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. അതേസമയം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ യുഎഇയിലാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടക്കുക.