ദുബായ്: ഏതൊരു എതിരാളിയും ഭയപ്പെടുന്ന താരമാണ് വിരാട് കോലിയെന്ന് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ. ഏഷ്യ കപ്പില്‍ കോലി സെഞ്ച്വറി നേടുന്നത് കാണാന്‍ ആഗ്രിക്കുന്നതായും, എന്നാല്‍ അത് തങ്ങള്‍ക്കെതിരെയാവരുതെന്നും ഷദാബ് ഖാൻ പറഞ്ഞു. എഷ്യ കപ്പിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് പാക് വൈസ് ക്യാപ്‌റ്റന്‍റെ പ്രതികരണം.
വിരാട് കോലി എതിരാളികളില്‍ പഴയതുപോലെ ഭയം ജനിപ്പിക്കുന്നില്ലെന്ന് മുന്‍ താരങ്ങള്‍ക്ക് തോന്നുന്നത് ഇപ്പോള്‍ കളിക്കാത്തതുകൊണ്ടാണെന്നും ഷദാബ് ഖാൻ പറഞ്ഞു.
"കോലി എപ്പോഴും എതിരാളികളില്‍ ഭയം നിറയ്‌ക്കുന്ന താരമാണ്. ഇപ്പോള്‍ കളിക്കാത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം എതിരാളികളെ ഭയപ്പെടുത്തുന്നില്ലെന്ന് മുന്‍ കളിക്കാര്‍ കരുതുന്നത്. ഇന്ത്യക്ക് വേണ്ടി നിരവധി പ്രകടനങ്ങൾ നടത്തിയ ഇതിഹാസ താരമാണ് കോലി.
അദ്ദേഹം ഒരു വലിയ കളിക്കാരനാണ്, എപ്പോഴും ഭയപ്പെടേണ്ട താരം. ഞങ്ങൾക്കെതിരെ അദ്ദേഹം ഒരു വലിയ ഇന്നിങ്‌സ് കളിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മുന്നത്തെപ്പോലെ അദ്ദേഹത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നതിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു.
ടൂർണമെന്‍റിലെ മറ്റേതെങ്കിലും ഒരു ടീമിനെതിരെ കോലി ഒരു സെഞ്ച്വറി നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു", ഷദാബ് ഖാൻ വ്യക്തമാക്കി. സമീപകാലത്തായി മോശം ഫോമിലുള്ള കോലി ചെറിയ ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.
അവസാനമായി ഇംഗ്ലണ്ട് പര്യടനത്തിലാണ് താരം കളിച്ചത്. ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്‌സുകളില്‍ വെറും 76 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. അതേസമയം കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേരെത്തുന്നത്.
also read: എന്തുവിലകൊടുത്തും വിജയം നേടും; ഓരോ പന്തിലും സംഭാവന നല്‍കാനുണ്ട്, ആത്മവിശ്വാസത്തില്‍ വിരാട് കോലി