തിരുവനന്തപുരം: ഏറെ ആരാധക പിന്തുണയുള്ള താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson). ഇന്ത്യന്‍ ടീമിലേക്ക് സഞ്‌ജുവിനെ പരിഗണിക്കാതിരിക്കുമ്പോഴൊക്കെയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരാറുള്ളത്. മികവുണ്ടായിട്ടും അര്‍ഹിക്കുന്ന അവസരങ്ങളില്‍ നിന്നും നിരന്തരം തഴയപ്പെടുന്ന സഞ്‌ജു ഏറെ നിര്‍ഭാഗ്യവാന്‍ ആണെന്നാണ് ആരാധകര്‍ പറയാറുള്ളത്.
എന്നാല്‍ താനൊരിക്കലും നിര്‍ഭാഗ്യവാനായ താരമല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് 29-കാരന്‍. ഇതു സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ സഞ്‌ജുവിന്‍റെ വാക്കുകള്‍ ഇങ്ങിനെ..." ഏറെ നിര്‍ഭാഗ്യവാനായ കളിക്കാരനാണ് ഞാന്‍ എന്നാണ് ആളുകള്‍ എന്നെക്കുറിച്ച് പറയാറുള്ളത്. പക്ഷെ, ഞാന്‍ ഒരിക്കലും അങ്ങനെയല്ല കരുതുന്നത്.
എനിക്ക് കഴിയുമെന്ന് വിചാരിച്ചതിലും വളരെ കൂടുതല്‍ ഉയരത്തിലാണ് ഞാന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്" സഞ്‌ജു സാംസണ്‍ പറഞ്ഞു (Sanju Samson on Career). ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇതേ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
തന്‍റെ അടുത്തേക്ക് വന്ന് കാര്യങ്ങള്‍ തിരക്കുകയും പ്രകടനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രോഹിത് ശര്‍മ എന്നാണ് സഞ്‌ജു പറഞ്ഞത്. (Sanju Samson on support from Rohit Sharma). "എന്‍റെ അടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്‌ത ഒന്നാമത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ശര്‍മ ആയിരിക്കും. 'ഹേയ് സഞ്ജു, എന്താക്കെയുണ്ട് കാര്യങ്ങള്‍ ?, ഐപിഎല്ലില്‍ നീ നന്നായി കളിച്ചു.
പക്ഷെ, മുംബൈ ഇന്ത്യന്‍സിനെതിരെ ഒരുപാട് സിക്‌സറുകള്‍ അടിച്ചു. മികച്ച രീതിയിലാണ് നീ ബാറ്റ് ചെയ്യുന്നത്'. എന്നൊക്കെ ആയിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. രോഹിത് ഭായിയില്‍ നിന്നും എനിക്ക് ലഭിക്കുന്ന പിന്തുണ ഏറെ വലുതാണ്" - സഞ്‌ജു സാംസണ്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ഓഗസ്റ്റില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് കീഴില്‍ ഇന്ത്യ അയര്‍ലന്‍ഡില്‍ പര്യടനം നടത്തിയപ്പോഴാണ് ദേശീയ ടീമിനായി സഞ്‌ജു അവസാനമായി കളത്തിലിറങ്ങിയത്. ചൈന ആതിഥേയരായ ഏഷ്യന്‍ ഗെയിംസിനായി ബിസിസിഐ രണ്ടാം നിര ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്‌ജുവിനെ പരിഗണിച്ചിരുന്നില്ല. ഇതോടെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്‌ജുവുണ്ടാവും എന്നാകുമായിരുന്നു ആരാധക പ്രതീക്ഷ.
പക്ഷെ, പ്രധാന സ്‌്ക്വാഡില്‍ ഇടം നേടാന്‍ കഴിയാതിരുന്ന സഞ്‌ജുവിനെ ട്രാവലിങ് റിസര്‍വായി മാത്രമാണ് പരിഗണിച്ചത്. കെഎല്‍ രാഹുലിന് നേരിയ പരിക്കുള്ളതില്‍ മാത്രമാണ് സഞ്‌ജുവിനെ ചേര്‍ത്തതെന്ന് സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാരണത്താല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്‌ജുവിന് തിരികെ നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. പിന്നീട് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഏകദിന പരമ്പര കളിച്ചപ്പോഴും പുറത്തിക്കേണ്ടി വന്ന സഞ്‌ജുവിന് ലോകകപ്പിന് പിന്നാലെ നടക്കുന്ന ടി20 പരമ്പരയിലും ടീമില്‍ ഇടം ലഭിച്ചില്ല.