മുംബൈ: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് താന്‍ ടീം തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. കിവീസിനെതിരെ ഹനുമ വിഹാരിയുടെ ഇന്നിങ്സ് ടീമിന് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വെയിലും കാര്‍മേഘവുമുള്ള ഒരു സമ്മിശ്ര കാലാവസ്ഥയായിരിക്കും മത്സരത്തിനുണ്ടാവുക. ഇതിനനുസരിച്ചുള്ള ഒരു ടീമിനേയാണ് തെരഞ്ഞെടുക്കുന്നത്. ഹനുമ വിഹാരിയെ പോലെയുള്ള ഒരു താരം ഇതുപോലുള്ള സാഹചര്യത്തില്‍ ടീമിന് ഗുണം ചെയ്യും. വിഹാരിയുടെ ഒരു ഗംഭീര ഇന്നിങ്‌സ് സിഡ്‌നിയില്‍ നാം കണ്ടതാണ്' മഞ്ജരേക്കര്‍ പറഞ്ഞു.
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് മഞ്ജരേക്കറുടെ ഓപ്പണിങ് സഖ്യം. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് പിന്നാലെ വിഹാരി ആറാം സ്ഥാനത്തും റിഷഭ് പന്ത് ഏഴാം സ്ഥാനത്തും കളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജയെ പുറത്താക്കി സ്പിന്നറായി ആര്‍ അശ്വിനെയാണ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്തത്.
also read: ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
പരിചയ സമ്പത്തുള്ള ഇശാന്ത് ശര്‍മയെ ഒഴിവാക്കിയാണ് താന്‍ സ്വിങ് ബൗളറായ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയതെന്നും ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ ഒഴിവാക്കാനാവില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സിറാജിനെ പോലെ വ്യത്യസ്തനായ ഒരു ബൗളരെ ടീമില്‍ ആവശ്യമുണ്ടെങ്കിലും ഇശാന്തിനായിരിക്കും സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂൺ 18ന് സതാംപ്‌ടണിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 1.6 ദശലക്ഷം യുഎസ് ഡോളറാണ്. 11.70 കോടി രൂപയോളം വരും ഈ തുക. തിങ്കളാഴ്‌ചയാണ് ഐസിസി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം ഫൈനലിനുള്ള കമന്‍റേറ്റര്‍മാരുടെ പട്ടികയും ഐസിസി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.